ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലാണ് മെന്‍ ഇന്‍ ബ്ലൂ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിനൊപ്പമെത്തിയാണ് ശ്രീലങ്ക മത്സരത്തെ സൂപ്പര്‍ ഓവറിലെത്തിച്ചത്. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക ഉയര്‍ത്തിയ മൂന്ന് റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒന്നാം പന്തില്‍ തന്നെ മറികടക്കുകയായിരുന്നു.
ശ്രീലങ്കക്കായി പാതും നിസങ്കയും കുശാല്‍ പെരേരയും നടത്തിയ വമ്പന്‍ പോരാട്ടമായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. നിസങ്ക 58 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയപ്പോള്‍ പെരേര 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 58 റണ്‍സുമാണ് സ്വന്തമാക്കിയത്.
ലങ്ക ഏഴ് റണ്‍സ് നേടിയപ്പോഴാണ് ആദ്യ വിക്കറ്റായി ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് പൂജ്യത്തിന് പുറത്തായത്. ശേഷം നിസങ്കയും പെരേരയും ചേര്‍ന്നാണ് രണ്ടാം വിക്കറ്റില്‍ ലങ്കയെ 134 റണ്‍സിലെത്തിച്ചത്. ഇതോടെ ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റിലെ ചരിത്രമാണ് ഇരുവരും ചേര്‍ന്ന് മാറ്റി മറിച്ചത്.
ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരു താരങ്ങളും സ്വന്തമാക്കുന്നത്. കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയും നേടിയ 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലങ്കന്‍ സിംഹങ്ങള്‍ തകര്‍ത്ത് ഒന്നാമനായത്.
കുശാല്‍ പെരേര & പാതും നിസങ്ക (ശ്രീലങ്ക) – 127 – ഇന്ത്യ – 2025
കെ.എല്‍. രാഹുല്‍ & വിരാട് കോഹ്‌ലി (ഇന്ത്യ) – 119 – അഫ്ഗാനിസ്ഥാന്‍ – 2022
മുഹമ്മദ് റിസ്വാന്‍ & ഫഖര്‍ സമാന്‍ (പാകിസ്ഥാന്‍) – 116 – ഹോങ്‌കോങ് – 2022
ഉമ്രാന്‍ അക്മല്‍ & ഷൊയ്ബ് മാലിക് (പാകിസ്ഥാന്‍) – 114* – യു.എ.ഇ – 2016
ടി. ദില്‍ശന്‍ & ദിനേശ് ചണ്ഡിമല്‍ (ശ്രീലങ്ക) – 110 – പാകിസ്ഥാന്‍ – 2016
ശുഭ്മന്‍ ഗില്‍ & അഭിഷേക് ശര്‍മ (ഇന്ത്യ) – 105 – പാകിസ്ഥാന്‍ – 2025
അതേസമയം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരം 31 പന്തില്‍ 61 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മയും സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. തിലക് 49 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 39 റണ്‍സും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഹര്‍ദിക്ക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: Asia Cup 2025: Pathum Nissanka And Kushal Perera In Great Record Achievement