| Saturday, 28th June 2025, 11:30 am

താജ്മഹലിൽ ചോർച്ച; തെർമൽ സ്കാനിങ്ങിൽ വിള്ളൽ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹലിന് ചോർച്ചയെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്‌കാനിങ്ങിൽ താജ്മഹലിന്റെ താഴികക്കുടത്തിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി.

ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഏകദേശം ആറ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലവില്‍ താഴികക്കുടത്തിന് കൂടുതൽ ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എ.എസ്‌.ഐ അറിയിച്ചു. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴികക്കുടത്തിന്‍റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തെ താങ്ങിനിർത്താനായി ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലമാകാം കുമ്മായത്തിന് ഇളക്കമുണ്ടായതെന്നും തുടർന്ന് ചോര്‍ച്ചയ്ക്ക് കാരണമെന്നുമാണ് ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനയിലെ വിലയിരുത്തല്‍.

ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണി ആരംഭിക്കുമെന്നും താജ്മഹലിന്‍റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്‍റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ലൈറ്റ് ഡിറ്റക്ഷൻ പരിശോധനകൾ ഏകദേശം പൂർത്തിയായി. ഇപ്പോൾ ഭൗതിക പരിശോധന നടത്തും. പ്രധാന താഴികക്കുടത്തിന്റെയും അതിൽ സ്ഥാപിച്ചിരിക്കുന്ന പിനാക്കിളിന്റെയും ഉയരം 73 മീറ്ററാണ്. അതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം ആറ് മാസമെടുക്കും,’ അദ്ദേഹം പറഞ്ഞു.

അറ്റകുറ്റപ്പണികൾ ആരംഭിച്ചുകഴിഞ്ഞാൽ, പ്രധാന താഴികക്കുടത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം കുറച്ച് ദിവസത്തേക്ക് നിർത്തിവെച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ, തന്റെ പത്‌നിയായ മുംതാസ് മഹലിനോടുള്ള സ്നേഹാർത്ഥം യമുന നദിക്കരയിൽ പണികഴിപ്പിച്ച സ്മാരകമാണ് താജ്മഹൽ. ലോകത്തെ സപ്താത്ഭുതങ്ങളിൽ ഒന്നാണ് താജ്‌മഹൽ.

Content Highlight: ASI finds leakage at Taj Mahal main dome

Latest Stories

We use cookies to give you the best possible experience. Learn more