| Monday, 13th July 2026, 5:00 pm

അവന് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കും; സൂപ്പര്‍ താരത്തെ പിന്തുണച്ച് അശ്വിന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിന് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ആര്‍. അശ്വിന്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ സൂര്യയ്ക്ക് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാകുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘സൂര്യ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മികച്ച ഫോം കണ്ടെത്തുകയാണെങ്കില്‍, അദ്ദേഹത്തിന് തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാകും. നിലവിലെ സാഹചര്യത്തില്‍ ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചെത്തുക ബുദ്ധിമുട്ടായേക്കാം. എന്നാല്‍ ഒരു ബാറ്ററായി തിരിച്ചുവരാന്‍ അവന് കഴിയും.

അതിന് അദ്ദേഹം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും അടുത്ത ഐ.പി.എല്‍ സീസണിലും മികച്ച പ്രകടനം നടത്തണം. ആരുടെയും മുന്നില്‍ വാതിലുകള്‍ പൂര്‍ണമായും അടച്ചിടാനാവില്ല. എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കിയ രീതി കണക്കിലെടുക്കുമ്പോള്‍, തിരിച്ചുവരവ് എളുപ്പമാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്,’ അശ്വിന്‍ പറഞ്ഞു.മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

2026ലെ ലോകകപ്പില്‍ ചാമ്പ്യനായതിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ അഴിച്ചുപണിയിലാണ് സൂര്യകുമാര്‍ യാദവിന് തന്റെ ക്യാപ്റ്റന്‍സി നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി 113 ടി-20 മത്സരങ്ങളില്‍ നിന്ന് 3272 റണ്‍സാണ് സൂര്യ നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. എന്നാല്‍ ലോകകപ്പ് ഉള്‍പ്പെടെ അടുത്ത കാലത്തായി സൂര്യയ്ക്ക് തന്റെ ഫോം നഷ്ടമായിരുന്നു. നിലവില്‍ സൂര്യ ഇന്ത്യന്‍ ടീമിലെ ഒരു ഫോര്‍മാറ്റിലും അംഗമല്ല.

സൂര്യയ്ക്ക് പകരം ഇന്ത്യയുടെ നായകനായത് ശ്രേയസ് അയ്യരായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള രണ്ട് ടി-20 പരമ്പരയിലും ഇന്ത്യ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അയര്‍ലാന്‍ഡിനോടുള്ള രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പയിലെ ചരിത്ര തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനോടുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും ഇന്ത്യ വന്‍ പരാജയം ഏറ്റുവാങ്ങി.

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാവാന്‍ ഇനി ഒരു ദിവസം മാത്രമാണുള്ളത്. ജൂലൈ 14നാണ് പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കും.

Content Highlight: Ashwin Supports Indian Former Captain Suryakumar Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more