| Wednesday, 15th April 2026, 9:55 pm

17 വര്‍ഷത്തെ കാത്തിരിപ്പ്; ആ സിനിമ കാരണമാണ് ഞാന്‍ 'വാഴ'യില്‍ എത്തിയത്: അശ്വതി ചന്ദ്

ഐറിന്‍ മരിയ ആന്റണി

പല റെക്കോഡുകളും തിരുത്തി കൊണ്ട് സമാനതകളിലാത്ത വിജയമാണ് നവാഗതനായ സവിന്‍ സാ അണിയിച്ചൊരുക്കിയ വാഴ 2 നേടിയിരിക്കുന്നത്.

വിപിന്‍ദാസിന്റെ തിരക്കഥയില്‍ വാഴ ബിയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എത്തിയ ഈ സിനിമ ബോക്‌സ് ഓഫീസില്‍ 160 കോടിക്ക് മുകളില്‍ കളക്ഷനാണ് സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ തരംഗമായി മാറിയ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ വലിയ താരനിരകള്‍ ഒന്നുമില്ലാതെ ചരിത്ര വിജയം നേടിയത് സിനിമാലോകത്തെ ചര്‍ച്ചാവിഷയമാണ്.

സിനിമയില്‍ ഓരോ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സിനെയും എടുത്തു പറയുമ്പോള്‍ വിട്ടുപോകുന്ന പേരാണ് ഹാഷിറിന്റെ അമ്മയായി വേഷമിട്ട അശ്വതി ചന്ദിന്റേത്. ടെലിവിഷന്‍ പരമ്പരകളിലൂടെയും കോമഡി പരിപാടികളിലൂടെയും ശ്രദ്ധ നേടിയ അശ്വതി സ്‌ക്രീനില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഇപ്പോഴിതാ ഇന്‍ഫിനിറ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘വാഴ’യിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് അശ്വതി.

വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമ കാരണമാണ് താന്‍ വാഴയില്‍ എത്തിയതെന്ന് താരം പറയുന്നു.

‘വാഴ 2വിന് മുമ്പ് ഞാന്‍ ചെയ്ത സിനിമ വ്യസനസമേതം ബന്ധുമിത്രാദികള്‍ ആയിരുന്നു. അതിന്റെ ഡയറക്ഷന്‍ എസ് വിപിനായിരുന്നു. പ്രൊഡക്ഷന്‍മാരില്‍ ഒരാള്‍ വിപിന്‍ദാസും ആ സിനിമയില്‍ നിന്നാണ് ഞാന്‍ വാഴയിലേക്ക് വന്നത്.

വാഴയില്‍ പ്രിന്‍സിപ്പളിന്റെ വേഷം ചെയ്യുന്ന റീന ചേച്ചി കാരണമാണ് ഞാന്‍ ശരിക്കും വ്യസ്യനസമേതം ബന്ധുമിത്രാദികള്‍ എന്ന സിനിമയിലെത്തിയത്. ആ സിനിമയുടെ ഭാഗമായതുകൊണ്ടാണ് വാഴ 2 വിന്റെയും ഭാഗമാകാന്‍ കഴിഞ്ഞത്. വാഴ 2 വിനെ പറ്റി എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

വന്‍ വിജയമായി തീര്‍ന്നു. സാധാരണ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുക, ചില സിനിമകള്‍ മൂന്ന് നാല് ദിവസം കഴിഞ്ഞതിനുശേഷം ആണ് ഹിറ്റ് ആകുക. എന്നാല്‍ വാഴ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഹിറ്റായി മാറി,’ അശ്വതി പറയുന്നു.

വാഴയുടെ ആദ്യ ഭാഗത്തേക്കാളും സൂപ്പര്‍ഹിറ്റാണ് ഈ സിനിമ എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നതെന്നും ആ വിജയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും അശ്വതി ചന്ദ് പറഞ്ഞു. സിനിമയില്‍ ചെറിയൊരു കഥാപാത്രമല്ല തനിക്ക് കിട്ടിയതെന്നും അതിലാണ് തനിക്ക് ഏറ്റവും വലിയ സന്തോഷമെന്നും നടി കൂട്ടിച്ചേര്‍ത്തു.

പതിനെട്ടാമത്തെ വയസില്‍ താന്‍ തന്റെ കരിയര്‍ ആരംഭിച്ചിട്ടുണ്ടെന്നും അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് ഇന്ന് 35 വയസ്സ് ആണെന്നും അശ്വതി പറയുന്നു. 17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇതുപോലൊരു കഥാപാത്രം കിട്ടിയതെന്നും നടി കൂട്ടി ചേര്‍ത്തു.

Content Highlight: Ashwanthi Chand on playing the role of Amma in Vazha 2

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more