മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തോമസുകുട്ടി.
ആ ചിത്രത്തിലെ ‘തോമസുകുട്ടി വിട്ടോടാ’ എന്ന ഡയലോഗ് വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളികള്‍ മറന്നിട്ടില്ല. ഈ ഡയലോഗ് ഇപ്പോഴും ട്രോളുകളിലൊക്കെ സജീവമായി പ്രചരിക്കുന്നത് കാണുന്നത് സന്തോഷമാണെന്ന് പറയുകയാണ് നടന്‍.
‘ശരിക്കും പറഞ്ഞാല്‍ ഇന്‍ ഹരിഹര്‍നഗര്‍ 25 ദിവസം പൂര്‍ത്തിയായപ്പോള്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് ‘തോമസുകുട്ടി വിട്ടോടാ’ എന്ന ഡയലോഗ് ഹൈലൈറ്റ് ചെയ്തത്. പിന്നീട് കേരളം മുഴുവന്‍ അത് പ്രചരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ സാമൂഹികമാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ആളുകള്‍ പറഞ്ഞുപറഞ്ഞ് വൈറലാകുകയായിരുന്നു,’ അശോകന്‍ പറഞ്ഞു.
വീണ്ടുമൊരു തോമസുകുട്ടിയുണ്ടാകുമോ എന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കുന്നു. കോളജ് കുമാരനായി ഇനിയും ഒരു വേഷം ചെയ്യാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്നാണ് അശോകന്റെ മറുപടി. ചില വേഷങ്ങള്‍ ചെയ്യാന്‍ പരിമിതികളുണ്ടെന്നും ആളുകള്‍ക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള, പ്രധാന്യമുണ്ടെന്ന് തോന്നുന്ന എല്ലാ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
‘അഭിനയിക്കുക എന്നതല്ലാതെ സ്വയം മാര്‍ക്കറ്റിങ് ഒന്നും വശമില്ല. നായകതാരമായി മാറാന്‍ സാധിച്ചില്ല. എന്നാല്‍ അതൊക്കെ തലേവരയെന്നാണ് കരുതുന്നത്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്,’ അശോകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ashokan Talks About In Harihar Nagar Movie Dialogue Thomasukutty Vittoda