| Wednesday, 9th July 2025, 2:09 pm

 പണ്ട് ഒരു പടത്തില്‍ വില്ലനായാല്‍ പിന്നെ എല്ലാ സിനിമയിലും വില്ലനാക്കും: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. അനന്തരം, തൂവാനത്തുമ്പികള്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ പണ്ട് ഒരു സിനിമയില്‍ വില്ലാനാണെങ്കില്‍ പിന്നെ എല്ലാ സിനിമയിലും ആ അഭിനേതാവ് വില്ലനായിരിക്കുമെന്ന് അശോകന്‍ പറയുന്നു. സിനിമയ്ക്ക് അത്തരത്തിലൊരു പ്രശ്‌നമുണ്ടെന്നും പണ്ട് സിനിമകളില്‍ അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീനില്‍ കോമഡി ചെയ്യുകയാണെങ്കില്‍ പിന്നീട് എല്ലാ സിനിമയിലും അതേ കാര്യം ആവര്‍ത്തിച്ചുവരുമെന്നും കുറച്ച് ആളുകളെ വെച്ച് സിനിമ ഹിറ്റായാല്‍ അതേ ടീമിനെ വെച്ച് വീണ്ടും സിനിമ ഉണ്ടാകുമെന്നും അശോകന്‍ പറഞ്ഞു. ഇന്ന് അത്തരം കാര്യങ്ങളില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അശോകന്‍.

‘സിനിമയില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ട്. ഏതെങ്കിലും ഒരു പടത്തില്‍ വില്ലനായി അഭിനയിച്ച് കഴിഞ്ഞാല്‍, പിന്നെ എല്ലാത്തിലും പിടിച്ച് വില്ലനാക്കും. സിനിമയുടെ ഒരു കുഴപ്പം തന്നെയാണ് അത്. അങ്ങനെയാണ് സാധാരണ. ഒരു സീനില്‍ കോമഡി എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ അടുത്തതില്‍ അതേപോലെ എന്തെങ്കിലും ഒരു സംഭവം ഉണ്ടാക്കും.

അഞ്ച് പേരുടെ പടം ഇറങ്ങി, ആ സിനിമയെങ്ങാനും കഷ്ടക്കാലത്തിന് ഹിറ്റായാല്‍ ഒരു പത്ത് പടം ഇതേ പോലെത്തെ ടീമിനെ വെച്ച് ഇറങ്ങും. ഇപ്പോഴത്തെ സിനിമയില്‍ അതിനൊരു വ്യത്യാസമുണ്ട്. തീര്‍ച്ചയായും ഒരുപാട് വ്യത്യാസമുണ്ട്,’ അശോകന്‍ പറയുന്നു.

Content Highlight: Ashokan says that If you were a villain in one film, you will be a villain in every film

We use cookies to give you the best possible experience. Learn more