പദ്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് അശോകന്‍. പെരുവഴിയമ്പലത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറി. 200നടുത്ത് സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അശോകന് സാധിച്ചു. നായകനായും സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.
മോഹന്‍ലാല്‍ നായകനായെത്തിയ ഹലോ എന്ന ചിത്രത്തില്‍ അശോകന്‍ ചെറിയൊരു വേഷം കൈകാര്യം ചെയ്തിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ വേഷമിട്ടത്. വെറും ഒരൊറ്റ സീനില്‍ വന്നുപോകുന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അശോകന്‍.
ഹലോയിലേക്ക് തന്നെ വിളിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിവാകാന്‍ നോക്കിയെന്ന് അശോകന്‍ പറഞ്ഞു. ആകെ ഒരൊറ്റ സീന്‍ മാത്രമേ ഉള്ളൂവെന്ന കാരണം കൊണ്ടാണ് താന്‍ ഒഴിവാകാന്‍ നോക്കിയതെന്നും വലുതായിട്ട് ഒന്നും ചെയ്യാനില്ലാത്ത വേഷമാണെന്ന് വിചാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അശോകന്‍.
‘ഹലോയിലെ ആ റോള്‍ ആദ്യം ഒഴിവാക്കാന്‍ നോക്കിയതാണ്. സത്യം പറഞ്ഞാല്‍ അത് ചെയ്യാന്‍ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. അത് ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞതുമായിരുന്നു. ഞാന്‍ വലിയ ബിസിയായതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. ആകെ ഒരു സീനില്‍ മാത്രമേയുള്ളൂ. ഒന്നും ചെയ്യാനില്ലാത്ത റോളാണെന്ന് വിചാരിച്ചു. അത് മാത്രമല്ല, ഒറ്റദിവസത്തെ ഷൂട്ട് മാത്രമേയുള്ളൂ എന്നായിരുന്നു എന്നോട് പറഞ്ഞത്.
റാഫി- മെക്കാര്‍ട്ടിന്‍ പറഞ്ഞിട്ട് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് വിളിച്ചത്. ‘ഒരു ഗസ്റ്റ് അപ്പിയറന്‍സുണ്ട്, ഒരുദിവസത്തെ ഷൂട്ടേയുള്ളൂ’ എന്ന് പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടെന്ന് പറഞ്ഞാല്‍ നമുക്ക് ഒരു പ്രയോജനവും കിട്ടില്ല. കാരണം, ഒറ്റദിവസത്തേക്ക് വേണ്ടി പോയാല്‍ പൈസ കിട്ടുമോ എന്ന് ഡൗട്ടായി. എല്ലാം കൊണ്ടും ആ റോള്‍ വേണ്ടെന്ന് വെച്ചു. എന്റെ മനസില്‍ തോന്നിയതാണ് ഇതൊക്കെ.
അപ്പോഴാണ് റാഫി എന്നെ വിളിച്ചത്. അപ്പോഴാണ് എനിക്ക് ആ ക്യാരക്ടറിനെക്കുറിച്ച് സ്‌ട്രൈക്കായത്. ‘അശോകന്‍ ഈ വേഷമൊന്ന് ചെയ്ത് നോക്ക്. ഒരു സീനേയുള്ളുവെങ്കിലും നിങ്ങള്‍ ചെയ്യണം. തിയേറ്ററില്‍ ഈ സീന്‍ എങ്ങനെ വര്‍ക്കാകുമെന്ന് ഒന്ന് കണ്ടുനോക്ക്,’ എന്നായിരുന്നു പറഞ്ഞത്. പടം തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ ആ സിനിമയിലെ ഏറ്റവും നല്ല സീനുകളിലൊന്നായി മാറി,’ അശോകന്‍ പറയുന്നു.
Content Highlight: Ashokan saying he was not intended to do the role in Hallo movie