| Wednesday, 21st May 2025, 1:34 pm

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവര്‍

അശോകന്‍ ചരുവില്‍

1964ലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത്. ആ പിളര്‍പ്പ് സമൂഹത്തിലും വ്യക്തിമനസ്സിലും ഉണ്ടാക്കിയ മുറിവുകളെക്കുറിച്ച് ഞാന്‍ ‘കാട്ടൂര്‍ക്കടവ്’ എന്ന നോവലില്‍ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് / സോഷിലിസ്റ്റ് പാര്‍ട്ടികളിലെ പിളര്‍പ്പുകളും വിഭാഗിയ നീക്കങ്ങളും ഇന്ത്യയിലെ സാമൂഹ്യപരിവര്‍ത്തന പ്രക്രിയക്ക് ആക്കം കുറച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ കടവ് നോവല്‍

ഏതു രാഷ്ട്രീയപാര്‍ട്ടിയിലും, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരോഗ്യകരമായ ആശയസമരങ്ങള്‍ അനിവാര്യമാണ്. അത് വഴിതെറ്റി വളര്‍ന്ന് ഭിന്നിപ്പിലെത്താതിരിക്കാനുള്ള സംഘടനാ സംവിധാനങ്ങള്‍ മുന്‍കരുതലായി ഉണ്ടാവണം.

പിളര്‍പ്പിനുശേഷം കഴിഞ്ഞ നാല്‍പ്പത്തിയഞ്ചു വര്‍ഷമായി ഇരുപാര്‍ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. അടുത്ത കാലത്ത് ആ ഐക്യത്തില്‍ സി.പി.ഐ.(എം.എല്‍.) കൂടി പങ്കാളിയായിട്ടുണ്ട്. മതേതരത്വം പുലര്‍ത്തുന്ന ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ഇന്ത്യക്കാരെയും ആശ്വസിപ്പിക്കുന്നതാണ് ശക്തമായി തുടര്‍ന്നുപോകുന്ന ഈ കമ്യൂണിസ്റ്റ് ഐക്യം.

എന്നാല്‍ ഈ ഐക്യം കണ്ട് ഉറങ്ങാന്‍ കഴിയാത്ത ചിലരുണ്ട്. പണ്ഡിതനും എന്റെ ബഹുമാന്യ സുഹൃത്തുമായ സഖാവ് അജയകുമാര്‍ കോടോത്ത് ഏറെ കാലമായി ഈ ഐക്യത്തിന്റെ കടുത്ത വിരോധിയാണ്. വര്‍ഷത്തിലൊരിക്കല്‍ മാവ് പൂക്കുന്നതുപോലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യത്തിനെതിരെ അദ്ദേഹം ഒരു ലേഖനം എഴുതും.

അജയകുമാര്‍ കോടോത്ത്

സഖാവ് കോടോത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ എന്റെ സീനിയറായി ഉണ്ടായിരുന്നു. ഇപ്പോള്‍ കാസര്‍ക്കോട് സി.പി.ഐ. നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണറിവ്. ഈ പതിവ് വാര്‍ഷിക കമ്യൂണിസ്റ്റ് ഐക്യവിരുദ്ധ ലേഖനമെഴുത്തിന് പുറമേ അദ്ദേഹം പാര്‍ട്ടിയില്‍ മറ്റെന്ത് ചുമതലയാണ് നിര്‍വ്വഹിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.

ഇത്തവണയും വാര്‍ഷിക ലേഖനമെഴുത്ത് മുടക്കിയിട്ടില്ല. (ലേഖനം മാധ്യമം ആഴ്ചപ്പതിപ്പില്‍.) നൂറുവര്‍ഷം ആഘോഷിക്കുന്ന തന്റെ പാര്‍ടി ആകെ തകര്‍ന്നു കഴിഞ്ഞതായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അതിന്റെ കാരണം കണ്ടെത്തി വിദഗ്ദചികിത്സ വിശദമായി നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദേശത്തെ സംക്ഷേപിച്ചാല്‍ ഇങ്ങനെ ഒറ്റവാക്യത്തില്‍ എഴുതാം: സി.പി.ഐ. രക്ഷപ്പെടണമെങ്കില്‍ സി.പി.ഐ.എമ്മുമായി നിലവിലുള്ള ഐക്യം ഉപേക്ഷിക്കണം.

അജയകുമാര്‍ കോടോത്ത് മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം

1978ലെ ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസിലാണല്ലോ കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യം എന്ന ആശയത്തിലേക്ക് സി.പി.ഐ. എത്തുന്നത്. അതിനുവേണ്ടി ഭരണവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയപാര്‍ടിയായ കോണ്‍ഗ്രസ്സുമായി ചില സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന മുന്നണി ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു.

അതോടെ സി.പി.ഐ.യുടെ തകര്‍ച്ച ആരംഭിച്ചുവെന്ന് സഖാവ് അജയകുമാര്‍ കരുതുന്നു. ‘പാര്‍ലിമെന്റിലും നിയമസഭകളിലും ഉണ്ടായിരുന്ന മികച്ച പ്രാതിനിധ്യം’ ഇല്ലാതായി. കേരളത്തിലെ മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടു എന്നത് നിസ്സാര കാര്യമല്ലല്ലോ.

സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ടതുകൊണ്ട് തന്റെ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയെ വിവരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം വലിയൊരു നഷ്ടസ്വപ്‌നം പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്: ‘1978 ലെ ഭട്ടിന്‍ഡ കോണ്‍ഗ്രസ്സ് തീരുമാനത്തിന്റെ തിക്തഫലം 1981ല്‍ ഇന്ദിരാഗാന്ധി അധികാരത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ സഖ്യകക്ഷിയായി സി.പി.ഐ. ഉണ്ടായിരുന്നെങ്കില്‍ ഉണ്ടാക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടമായിരുന്നു.’

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നഷ്ടവും നേട്ടവും അതിലേക്ക് കടന്നു വരുന്ന ദത്തുപുത്രന്മാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സഖാവ് അജയകുമാറിന്റെ നിരീക്ഷണം.

ഏതു രാഷ്ട്രീയപാര്‍ട്ടിയിലും, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരോഗ്യകരമായ ആശയസമരങ്ങള്‍ അനിവാര്യമാണ്

ഭട്ടിന്‍ഡ കോണ്‍ഗ്രസ് നടക്കുന്ന 1978 എന്നത് നിര്‍ണ്ണായകമായ ഒരു വര്‍ഷമാണ്. അടിയന്തിരാവസ്ഥ എന്ന അധികാരഭീകരത ജനാധിപത്യത്തിനും ജനജീവിതത്തിനും മേല്‍ ഏല്‍പ്പിച്ച മുറിവുകളെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന കാലമാണത്.

‘നനയാതെ ഈറന്‍ ചുമക്കുക’ എന്നതുപോലെ സി.പി.ഐ. എന്ന പാര്‍ട്ടിക്ക് അന്ന് ജനങ്ങളുടെ പൗരബോധത്തിനു മുന്നില്‍ കുറ്റവാളിയായി നില്‍ക്കേണ്ടി വന്നു. കേരളത്തില്‍ ‘രാജന്‍ കേസ്’ ഉള്‍പ്പെടെയുള്ള കസ്റ്റഡി മരണങ്ങളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

സി. അച്ചുതമേനോന്‍

സഖാവ് സി.അച്ചുതമേനോനെ വരച്ചുകൊണ്ടുള്ള വൈലോപ്പിള്ളിയുടെ ഒറ്റക്കവിത മതി അതിന്റെ ആഘാതം മനസ്സിലാക്കാന്‍: ‘മിണ്ടുക മഹാമുനേ!’ സി.പി.ഐ. എന്ന പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ധീരവും വിവേകപൂര്‍ണ്ണമായ തീരുമാനമാണ് ഭട്ടിന്‍ഡ കോണ്‍ഗ്രസ്സില്‍ എടുത്തത്.

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നഷ്ടവും നേട്ടവും അതിലേക്ക് കടന്നു വരുന്ന ദത്തുപുത്രന്മാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് സഖാവ് അജയകുമാറിന്റെ നിരീക്ഷണം.

ചരിത്രപരമായ ആ തീരുമാനത്തിന്റെ രൂപീകരണം അത്ര അനായാസമായിരുന്നില്ല. പാര്‍ട്ടിയുടെ ആചാര്യന്‍ എസ്.ഐ. ഡാങ്കെ ആ തീരുമാനത്തോട് വിയോജിച്ചു. അദ്ദേഹവും മകളും മോഹിത് സെന്നും കേരളത്തിലെ വര്‍ഗ്ഗീസ് വൈദ്യനും ചേര്‍ന്ന് മറ്റൊരു പാര്‍ടിയുണ്ടാക്കി കോണ്‍ഗ്രസ്സിന്റെ പിന്നില്‍ പോയി നിന്ന് സ്വയം അപ്രത്യക്ഷമായി. (എ.ഐ.സി.പി.യും യു.സി.പി.ഐ.യും മറ്റും ഇപ്പോള്‍ ഉണ്ടോ?)

വര്‍ഗീസ് വൈദ്യന്‍ / മോഹിത് സെന്‍

കമ്യൂണിസ്റ്റ് ഐക്യം ദഹനക്കേടായി കൊണ്ടു നടക്കുന്നവര്‍ പലരും അന്ന് ഡാങ്കെയുടെ കൂടെ പോയിരുന്നില്ല എന്നാണ് പിന്നീടുണ്ടായ ചില പുളിച്ചുതേട്ടലുകള്‍ സൂചിപ്പിക്കുന്നത്. അതിലൊരെണ്ണമാണ് സഖാവ് കോടോത്തിലൂടെ എരിഞ്ഞു കൊണ്ടിരിക്കുന്നത്.

സി.പി.ഐ അടക്കം ഇന്ത്യയിലെ കമ്യൂണിസ്റ്റ് / ഇടതുപക്ഷ പാര്‍ട്ടികളുടേയും ഗ്രൂപ്പുകളുടേയും അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും താരതമ്യം ചെയ്തു വിലപിക്കുമ്പോള്‍ അജയകുമാര്‍ കോടോത്ത് എന്ന ചരിത്രാധ്യാപകന്‍ ചില കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നു പോകുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സോവിയറ്റ് യൂണിയന്‍ നേതൃത്വം നല്‍കിയിരുന്ന ലോക സോഷ്യലിസ്റ്റ്‌ വ്യവസ്ഥക്ക് അതിനിടയില്‍ ഉണ്ടായ തകര്‍ച്ചയാണ്. മറ്റൊന്ന് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നയവ്യതിയാനങ്ങളാണ്.

ദേശീയസമരം മുന്നോട്ടുവെച്ച ജനാധിപത്യമൂല്യങ്ങള്‍ പാടെ ഉപേക്ഷിച്ചുകൊണ്ട് അവര്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയും അതിന്റെ ജിര്‍ണ്ണസംസ്‌കാരവുമായി സന്ധിചെയ്തതാണ് ഒന്നാമത്തെ ദുരന്തം.

രണ്ട്, ഭൂരിപക്ഷവും ന്യനപക്ഷവുമായ മതരാഷ്ടീയ ഭീകരതകളുമായി മാറി മാറി സഹകരിച്ചത്. മൂന്ന്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ തടവിലിട്ടത്. നാല്, ആഗോളമൂലധനവാഴ്ചയുടെ കൊടുംചൂഷണത്തിന് സാമാന്യജനങ്ങളെ എറിഞ്ഞു കൊടുത്തത്.

അശോകന്‍ ചരുവില്‍

ദേശീയപ്രസ്ഥാനത്തെ തിരിഞ്ഞുകുത്തുന്ന ഈ നാലു കൈവഴികളിലൂടെയുമാണ് രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം വളര്‍ന്ന് വികസിച്ച് ഇന്നത്തെ നിലയില്‍ അധികാരത്തിലെത്തിയത്.

ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്താണുള്ളത്. വലിയ പാരമ്പര്യമുള്ള ഒരു മതേതര ദേശീയകക്ഷി എന്ന നിലയില്‍ അതിന് പ്രതിപക്ഷനിരയില്‍ പ്രമുഖസ്ഥാനമുണ്ട്. ആ സ്ഥാനത്തെ അര്‍ഹിക്കുന്ന വിധം ആ പാര്‍ട്ടി സ്വയം തിരുത്തുമെന്നു കരുതാം.

കാലത്തെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി നവീകരിക്കപ്പെട്ട കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലവിധത്തില്‍ സഹകരിക്കേണ്ടി വരും. കാരണം ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ പ്രസ്ഥാനം അത്രയും വിപുലമാകേണ്ടതുണ്ട്.

ചരിത്രത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഇന്ത്യാ മുന്നണി പോലുള്ള സംവിധാനങ്ങള്‍ ഉയര്‍ന്നു വരും എന്നു തന്നെ പ്രതീക്ഷിക്കണം. പക്ഷേ, അതിനെന്തിനാണ് കോടോത്ത് സഖാവെ, സി.പി.ഐ.എമ്മുമായുള്ള മുന്നണി ബന്ധം സി.പി.ഐ. ഉപേക്ഷിക്കുന്നത്?

content highlights: Those who lost sleep over the unity of the Communist parties; Ashokan Charuvil’s reply to the article written by Ajayakumar Kototh in the Madhyamam weekly

അശോകന്‍ ചരുവില്‍

കഥാകൃത്ത്, പു.ക.സ സംസ്ഥാന സെക്രട്ടറി

We use cookies to give you the best possible experience. Learn more