| Sunday, 20th September 2026, 9:35 am

സ്ലോ പേസുള്ള മലയാള സിനിമക്ക് ഇവിടെ നല്ല റീച്ചുണ്ട്, പക്ഷേ തമിഴില്‍ അങ്ങനെ കാണിച്ചാല്‍ ലാഗെന്ന് പറഞ്ഞ് ഫ്‌ളോപ്പാക്കും: അശോക് സെല്‍വന്‍

അമര്‍നാഥ് എം.

തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരിലൊരാളാണ് അശോക് സെല്‍വന്‍. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച അശോക് സെല്‍വന്‍ പിന്നീട് നായകവേഷങ്ങളിലും തിളങ്ങി. റോം കോം സിനിമകളിലൂടെ തമിഴിലെ മുന്‍നിരയില്‍ താരം സ്ഥാനം പിടിച്ചു. ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും അശോക് ശ്രദ്ധ നേടി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അശോക് സെല്‍വന്‍ നായകനാകുന്ന അന്‍ബില്‍ അവന്‍ റിലീസിന് തയാറെടുക്കുകയാണ്. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ നല്ല സബ്ജക്ടുകള്‍ മാത്രം തെരഞ്ഞെടുക്കാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് അശോക് സെല്‍വന്‍ പറയുന്നു. തമിഴ് സിനിമയില്‍ പുതിയ സബ്ജക്ടുകള്‍ക്ക് അധികം സ്വീകാര്യത ലഭിക്കുന്നില്ലെന്ന് പറയുകയാണ് താരം.

അശോക് സെല്‍വന്‍ Photo: Screen grab/ Galatta Plus

മറ്റ് ഇന്‍ഡസ്ട്രികളിലേത് പോലെ നല്ല കഥകള്‍ തമിഴിലും ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതില്‍ പലതും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോവുകയാണെന്നും അശോക് പറഞ്ഞു. അടുത്തിടെ തനിക്ക് ഇഷ്ടമായ പല സിനിമകളും ബോക്‌സ് ഓഫീസില്‍ അതൊന്നും വലിയ വിജയമല്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അശോക് സെല്‍വന്‍.

‘ഇപ്പോള്‍ കണ്ടുവരുന്ന ഒരു ട്രെന്‍ഡാണ്, മലയാളത്തില്‍ ഏതെങ്കിലും നല്ല പടം വന്നാല്‍ ഇവിടെ ഹിറ്റാകും. പക്ഷേ, നമ്മള്‍ അതുപോലെ ഒരു സിനിമ ചെയ്താല്‍ ആളുകള്‍ സ്വീകരിക്കില്ല. മലയാളത്തിലെ പടങ്ങള്‍ പലതും സ്ലോ പെയ്‌സായിരിക്കും. നല്ല കണ്ടന്റും മേക്കിങ്ങുമെല്ലാം ഉണ്ടാകും. അത്തരം സിനിമകള്‍ക്ക് ഇവിടെ നല്ല റീച്ചുണ്ട്. എന്നാല്‍ തമിഴില്‍ അങ്ങനെയുള്ള സിനിമകള്‍ വന്നാല്‍ ലാഗാണ് എന്നൊക്കെ പറഞ്ഞ് ഫ്‌ളോപ്പാക്കും.

എത്രയോ ഉദാഹരണമുണ്ട്. ഈയടുത്ത് എനിക്ക് ഇഷ്ടപ്പെട്ട രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പെര്‍ഫോം ചെയ്തിട്ടില്ല. കടൈസി വിവസായി എന്തൊരു ഗംഭീര സിനിമയാണ്. പക്ഷേ, ആ സിനിമ കുറച്ചധികം കളക്ഷന്‍ അര്‍ഹിച്ചിരുന്നു. അതുപോലെ മെയ്യഴഗന്‍. നല്ല സിനിമയായിരുന്നിട്ടും കളക്ഷനില്‍ വലിയ ചലനമുണ്ടാക്കിയില്ല.

അങ്ങനെയുള്ള സിനിമകള്‍ കൊമേഷ്‌സ്യലി ജയിച്ചാല്‍ മാത്രമേ ബാക്കിയുള്ളവര്‍ക്കും അത്തരം സിനിമകള്‍ ചെയ്യാനുള്ള ധൈര്യം കിട്ടുകയുള്ളൂ. എനിക്ക് അത്തരം കഥകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും അതിനെയൊന്നും ഫിനാന്‍ഷ്യലി ബാക്ക് ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് തയാറാകില്ല,’ അശോക് സെല്‍വന്‍ പറയുന്നു.

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് അശോക് സെല്‍വന്‍ ഗംഭീരമാക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ടൈറ്റിലില്‍ റൊമാന്റിക് ടച്ചുണ്ടെങ്കിലും ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് അന്‍ബില്‍ അവന്‍. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക. മലയാളി താരം സാബുമോനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Ashok Selvan saying Kadaisi Vivasayi and Meiyazhagan could’ve collected more in Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more