| Sunday, 19th July 2020, 11:27 am

സച്ചിന്‍ ഇനി മന്ത്രിസഭയില്‍ വേണ്ട; ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കിടെ നിലപാട് കടുപ്പിച്ച് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമവായ ചര്‍ച്ച നടത്തുന്നതിനിടെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ തിരിച്ചുവന്നാലും തന്റെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നതിനോട് ഗെലോട്ട് വിയോജിപ്പ് അറിയിച്ചതായാണ് സൂചന.

നേരത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സച്ചിനെതിരെ രൂക്ഷവിമര്‍ശനമാണ് ഗെലോട്ട് ഉന്നയിച്ചത്. സച്ചിനും ഗെലോട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം രാജസ്ഥാനില്‍ ജൂലൈ 22 ന് ശേഷം നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ഗെലോട്ട് ഗവര്‍ണറെ കണ്ടിരുന്നു. തനിക്ക് 102 പേരുടെ പിന്തുണയുണ്ടെന്നും അറിയിച്ചിരുന്നു. ജൂലൈ 22 നാണ് സച്ചിന്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

ഇതിന് ശേഷം സഭ വിളിച്ചുചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.

200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും സംഘവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാരിന് ഭീഷണിയായിരുന്നു.

18 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

അതേസമയം സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തെത്തി.

ബി.ജെ.പിക്ക് 72 സീറ്റാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more