കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ പരിശീലകനായി ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. നടപ്പുസീസണിന്റെ അവസാനം വരെയാണ് കരാര്‍. മുന്‍ പരിശീലകന്‍ ഡേവിഡ് കാറ്റാലയെ മാറ്റിയാണ് ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചത്.
ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ പരിചയസമ്പത്തുള്ള പരിശീലകനാണ് ആഷ്ലി വെസ്റ്റ്‌വുഡ്. ബെംഗളൂരു എഫ്.സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷന്‍ കപ്പ് വിജയത്തിലേക്കും നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുമ്പ് എ.ടി.കെ, പഞ്ചാബ് എഫ്.സി എന്നീ ടീമുകളെയും ആഷ്‌ലി പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്.
വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി അദ്ദേഹം ഉടനടി ടീമിന്റെ ചുമതലയേല്‍ക്കും.
കേരള ബ്ലാസ്‌റ്റേഴ്‌സ്-Photo: Firstpost
ബ്ലാസ്റ്റേഴ്‌സിന്റെ ചുമതലയേറ്റ ശേഷം ആഷ്‌ലി വെസ്റ്റ്‌വുഡ് സംസാരിച്ചിരുന്നു.
‘വലിയ പ്രതീക്ഷകളും ആരാധകരുടെ പിന്തുണയുമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാന്‍ പൂര്‍ണ ബോധവാനാണ്. വരും ദിവസങ്ങളില്‍ ടീമിനെയും സ്റ്റാഫിനെയും അടുത്തറിയുന്നതിനും കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഓ അഭിക് ചാറ്റര്‍ജി സംസാരിച്ചു.
‘ആഷ്‌ലിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ടീമിന് വലിയ ഗുണം ചെയ്യും. സീസണിലെ ബാക്കി മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രകടനത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും അഞ്ച് പരാജയവുമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. സീസണിലുടനീളം മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഹോം ഗ്രൗണ്ടില്‍ പോലും മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല.
Content Highlight: Ashley Westwood appointed as new coach of Kerala Blasters FC