| Sunday, 9th November 2025, 5:42 pm

15 റണ്‍സിന് അഞ്ച് വിക്കറ്റ്! ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റതിന്റെ നിരാശ ഇത്ര പെട്ടെന്ന് മാറിയോ?

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ബിഗ് ബാഷ് ലീഗില്‍ പെര്‍ത് സ്‌ക്രോച്ചേഴ്‌സിനെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി സൂപ്പര്‍ താരം ആഷ്‌ലീ ഗാര്‍ഡ്ണര്‍. പെര്‍ത്തിലെ വാക്കയില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്.

സ്‌ക്രോച്ചേഴ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ സോഫി ഡിവൈനിനെ വീഴ്ത്തിയാണ് ഗാര്‍ഡ്ണര്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ ഡിവൈനിനെ വിക്കറ്റ് കീപ്പർ എമ്മ മാനിക്‌സ് ഗീവ്‌സിസ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

അടുത്ത പന്തില്‍ പെയ്ജ് സ്‌കോള്‍ഫീല്‍ഡിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയും പുറത്താക്കിയ ഗാര്‍ഡ്ണര്‍ സിക്‌സേഴ്‌സിന് മികച്ച ബ്രേക് ത്രൂ സമ്മാനിച്ചു. ഫ്രെയ കെംപിനെ (18 പന്തില്‍ 16) ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ താരം അലാന കിങ്ങിനെ മറ്റൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പവലിയനിലേക്ക് മടക്കി നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ലില്ലി മില്‍സിനെ പുറത്താക്കിയാണ് ഗാര്‍ഡ്ണര്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

ഇക്കഴിഞ്ഞ ഐ.സി.സി വനിതാ ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തിയ ഓസീസ് സെമിയില്‍ ഇന്ത്യയോട് തോറ്റ് പുറത്തായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചെയ്‌സിലൂടെയാണ് ഇന്ത്യ സെമി വിജയിച്ചുകയറിയത്.

സെമി ഫൈനലിലെ തോല്‍വി തന്നെ ഏറെ തളര്‍ത്തിയിരുന്നു എന്ന് ക്യാപ്റ്റന്‍ അലീസ ഹീലി വ്യക്തമാക്കിയിരുന്നു. ആ തോല്‍വി തന്നെ വേട്ടയാടുന്നുവെന്നാണ് ഹീലി പറഞ്ഞിരുന്നത്.

ഹീലിയെ മാത്രമല്ല, മറ്റ് താരങ്ങളെയും സെമിയിലെ തോല്‍വി നിരാശയിലേക്ക് തള്ളിയിട്ടിരുന്നു. എന്നാല്‍ തോല്‍വിയില്‍ നിന്നും അതിവേഗം തിരിച്ചുവന്ന താരങ്ങള്‍ സ്വന്തം മണ്ണിലെ ഫ്രാഞ്ചൈസി ലീഗിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്‌ക്രോച്ചേഴ്‌സിനായി മികൈല ഹിന്‍ക്‌ലിയും വിക്കറ്റ് കീപ്പര്‍ ബെത് മൂണിയും മാത്രമാണ് ചെറുത്തുനിന്നത്. 30 പന്ത് നേരിട്ട ഹിന്‍ക്‌ലി 31 റണ്‍സ് നേടി. 14 പന്തില്‍ 20 റണ്‍സാണ് മൂണിയുടെ സലമ്പാദ്യം.

18 പന്തില്‍ 16 റണ്‍സ് നേടിയ ഫ്രെയ ക്രെംപും 14 പന്തില്‍ 13 റണ്‍സ് നേടിയ ലില്ലി മില്‍സുമാണ് സ്‌ക്രോച്ചേഴ്‌സിനായി ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഗാര്‍ഡ്ണറിന് പുറമെ എല്ലിസ് പെറി രണ്ട് വിക്കറ്റുമായി തിളങ്ങി. സ്‌ക്രോച്ചേഴ്‌സ് നിരയില്‍ കെയ്റ്റി മാക് റണ്‍ ഔട്ടായപ്പോള്‍ മെറ്റ്‌ലാന്‍ ബ്രൗണ്‍, ലോറന്‍ ചീറ്റ്ല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി എതിരാളികളുടെ പതനം പൂര്‍ത്തിയാക്കി.

Content Highlight: WBBL: Ashleigh Gardner picks 5 wickets against Perth Scorchers

We use cookies to give you the best possible experience. Learn more