| Wednesday, 9th September 2026, 7:51 am

രോഹിത്തും വിരാടും ടീമിലുണ്ടാകുമോ എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്; അഭിപ്രായവുമായി ആശിഷ് നെഹ്റ

ശ്രീരാഗ് പാറക്കല്‍

2027ലെ ലോകകകപ്പില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കുമോ എന്ന ചോദ്യത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. തന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള 13 മാസം എന്നത് വലിയൊരു കാലയളവാണെന്നും രോഹിത് ശര്‍മയോ വിരാട് കോഹ്‌ലിയോ ടീമിലുണ്ടാകുമോ എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു. കാബ് ആനുവല്‍ അവര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ പോലും ടി-20 ടീമിന്റെ ഭാഗമല്ലെന്നും അതിനാല്‍ രോഹിത്തും വിരാടും ലോകകപ്പ് കളിക്കുമോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ ഒരു ദശകത്തിനിടെ രോഹിത്തും വിരാടും നേടിയ നേട്ടങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം 13 മാസം എന്നത് വലിയൊരു കാലയളവാണ്. ഇപ്പോള്‍ രോഹിത് ശര്‍മയോ വിരാട് കോഹ്‌ലിയോ ടീമിലുണ്ടാകുമോ എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്.

ആ രണ്ടുപേരെയും മാറ്റിനിര്‍ത്താം. പ്രായം വെറും ഒരു സംഖ്യ മാത്രമാണ്. നമ്മള്‍ ശുഭ്മന്‍ ഗില്ലിനെയും ജസ്പ്രീത് ബുംറയെയും കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ ശുഭ്മന്‍ പോലും ഇപ്പോഴത്തെ ടി-20 ടീമിന്റെ ഭാഗമല്ല.

ക്രിക്കറ്റ് പോകുന്ന രീതിയനുസരിച്ച് കളി കൂടുതല്‍ വേഗതയേറിയതാകുകയാണ്, കൂടുതല്‍ ഫോര്‍മാറ്റുകളും വരികയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ എന്തെങ്കിലും ഉറപ്പിച്ച് പറയുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നത് വളരെ നേരത്തെയാണ്.

അവര്‍ നന്നായി കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പാടില്ല? പക്ഷേ, നിങ്ങള്‍ പരിശീലകനാണെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ പരിശീലകനാണെങ്കില്‍, അത് എന്റെ മാത്രം തീരുമാനമായിരിക്കില്ല,’ ആശിഷ് നെഹ്‌റ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത്തും വിരാടും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതേസമയം വിരാട് പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയുടെ അടുത്ത പര്യടനം ന്യൂസിലാന്‍ഡിനോടാണ്. ഒക്ടോബര്‍ 22നാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് ടി-20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് കളിക്കുക. ഏകദിന മത്സരം ആരംഭിക്കുന്നത് നവംബര്‍ നാലിനാണ്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വിരാടും രോഹിത്തും വലിയി തയ്യാറെടുപ്പിലാണ്.

Content Highlight: Ashish Nehra Talking About Inclusion Of Rohit Sharma And Virat Kohli In 2027 ODI World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more