വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരൊറ്റ ഡയലോഗ് മാത്രമാണ് ചിത്രത്തിൽ കഥാപാത്രത്തിന്റേതായി ഉള്ളതെങ്കിലും, തന്റെ അഭിനയമികവ് കൊണ്ട് ഒരു ടെറർ വില്ലനായി സിനിമയിലുടനീളം ഗംഭീര പ്രകടനമാണ് ആശിഷ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ തുടക്കം ചിത്രത്തിലെ ഫൈറ്റ് സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് ആഷിഷ് ജോ ആന്റണി.
വിസ്മയ മോഹൻലാലിന് മാർഷ്യൽ ആർട്സ് അറിയാവുന്നതിനാൽ സിനിമയിലെ ഫൈറ്റ് സീനുകൾക്കായി താനും ട്രെയിനിംഗ് എടുത്തിരുന്നുവെന്ന് ആഷിഷ് പറയുന്നു.
ആഷിഷ് ജോ ആന്റണി. Photo. Photo. Screen grab/ Youtube
‘ഇന്റർവെല്ലിന് ശേഷമാണ് സിനിമയിൽ മായച്ചേച്ചിയുടെ ഫൈറ്റ് സീൻ തുടങ്ങുന്നത്. ചേച്ചിക്ക് മാർഷൽ ആർട്സ് അറിയാവുന്നത് കൊണ്ട് ഞാനും അതിൽ ചെറിയൊരു ട്രെയിനിംഗ് എടുത്തിരുന്നു. കാരണം ആ ഒരു സ്റ്റൈലൊക്കെ എങ്ങനെയാണെന്ന് അറിയണമല്ലോ. ഇന്റർവെല്ലിന് ശേഷമുള്ള ഫൈറ്റ് സീനിനെക്കുറിച്ച് ഞാനും ചേച്ചിയും തുടക്കം മുതൽ തന്നെ ഒരുപാട് സംസാരിക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഒക്കെ ചെയ്തിരുന്നു,’ ആഷിഷ് പറഞ്ഞു.
ക്ലൈമാക്സിലെ ഫൈറ്റ് സീനുകൾ കൃത്യമായി ആസൂത്രണം ചെയ്താണ് ചിത്രീകരിച്ചതെന്നും, സ്വന്തം ആക്ഷൻ രംഗങ്ങൾ സ്വയം ചെയ്യാൻ വിസ്മയയ്ക്ക് വലിയ താൽപര്യമായിരുന്നുവെന്നും ആഷിഷ് പറഞ്ഞു.
‘ ക്ലൈമാക്സിൽ ഞങ്ങൾ നാല് പേരും കൂടിയുള്ള ഫൈറ്റ് സീനിൽ മായച്ചേച്ചിയെ എടുത്തെറിയുന്ന സീനൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് റോപ്പ് ഒക്കെ കെട്ടിയാണ് ചെയ്തത്. ചുമരിൽ ഇടിച്ചു ചേച്ചി താഴെ വീഴുന്ന സീൻ ഒക്കെ സ്വന്തമായി തന്നെ ചെയ്യണമെന്ന് മായച്ചേച്ചിക്ക് നിർബന്ധമായിരുന്നു. ചേച്ചി അത്രയും എനർജിയിലായിരുന്നു. അത് കണ്ടപ്പോൾ ഞങ്ങൾക്ക് ശരിക്കും അത്ഭുതം തോന്നി,’ ആഷിഷ് പറഞ്ഞു.
ഫ്രഞ്ച് ഫൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പരിശീലിപ്പിച്ചതെന്നും, ചിത്രീകരണത്തിനിടെ ചിലർക്ക് പരിക്കുകൾ സംഭവിച്ചിരുന്നുവെന്നും ആഷിഷ് കൂട്ടിച്ചേർത്തു.
‘സിനിമയിലെ ഫൈറ്റ് സീനുകളൊക്കെ ട്രെയിൻ ചെയ്തത് ഫ്രഞ്ച് ഫൈറ്റ് മാസ്റ്ററാണ്. ആവശ്യമായ എല്ലാ പ്രൊട്ടക്ഷൻസുമെടുത്താണ് അവർ അത് ചെയ്തത്. നമ്മുടെ ഭാഗത്തു നിന്നും ചില മുൻകരുതലുകൾ എടുക്കുമായിരുന്നു. കാരണം ഫൈറ്റ് സീൻ ചിത്രീകരിക്കുമ്പോൾ ചുറ്റും ഒരുപാട് പ്രോപ്പർട്ടികൾ ഉണ്ടാകും, അതിലൊന്നും പോയി ഇടിച്ചു പരിക്കേൽക്കരുതല്ലോ.
എങ്കിലും കൂടെ അഭിനയിച്ച ബോബി ചേട്ടനൊക്കെ ഫൈറ്റ് സീക്വൻസുകൾക്കിടയിൽ ഒട്ടേറെ മുറിവുകൾ പറ്റിയിരുന്നു. പക്ഷെ അതൊക്കെ നല്ലൊരു സ്പിരിറ്റിലാണ് എല്ലാവരും എടുത്തത്,’ ആഷിഷ് ജോ ആന്റണി പറഞ്ഞു.
തുടക്കം. Photo. District