| Friday, 5th December 2025, 1:40 pm

11ാം നമ്പറിലിറങ്ങി 100+ സ്‌ട്രൈക് റേറ്റ്, അതും ടെസ്റ്റില്‍; ചരിത്രത്തില്‍ രണ്ടാമന്‍, പലരും കണ്ടുപഠിക്കേണ്ടത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗാബയില്‍ തുടരുകയാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 334 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ആതിഥേയര്‍.

സൂപ്പര്‍ താരം ജോ റൂട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്. 206 പന്ത് നേരിട്ട താരം 138 റണ്‍സ് നേടി പുറത്താകാതെ നിന്നു. 15 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ് കരിയറിലെ 40ാം ടെസ്റ്റ് സെഞ്ച്വറിയും ഓസ്‌ട്രേലിയന്‍ മണ്ണിലെ തന്റെ ആദ്യ സെഞ്ച്വറിയുമാണ് റൂട്ട് പിങ്ക് ബോള്‍ ടെസ്റ്റില്‍ കുറിച്ചത്.

ജോ റൂട്ട്. Photo: England Cricket/x.com

ഓപ്പണര്‍ സാക്ക് ക്രോളിയും 11ാം നമ്പറിലിറങ്ങിയ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന്റെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍. ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 38 റണ്‍സാണ് ആര്‍ച്ചര്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു നേട്ടവും ആര്‍ച്ചര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ 11ാം നമ്പറില്‍ 100+ സ്‌ട്രൈക് റേറ്റില്‍ ബാറ്റ് വീശിയ (ചുരുങ്ങിയത് 30 റണ്‍സ്) രണ്ടാമത് താരമെന്ന നേട്ടമാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്.

ജോഫ്രാ ആർച്ചർ: Photo: England Cricket/x.com

ബ്രെന്‍ഡന്‍ ഡോഗെറ്റിന്റെ പന്തില്‍ പുറത്താകും മുമ്പേ രണ്ട് വീതം ഫോറും സിക്‌സറും അടക്കം 105.55 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

സൗത്ത് ആഫ്രിക്കന്‍ താരം പാറ്റ് സിംകോക്‌സാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 1998ല്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 128.57 സ്‌ട്രൈക് റേറ്റിലാണ് പ്രോട്ടിയാസ് താരം ബാറ്റ് വീശിയത്.

ജോഫ്രാ ആര്‍ച്ചറിന്റെ ഏറ്റുമുയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ കൂടിയാണിത്.

ടെസ്റ്റില്‍ ജോഫ്രാ ആര്‍ച്ചറിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം)

38 – ഓസ്‌ട്രേലിയ – ബ്രിസ്‌ബെയ്ന്‍ – 2025*

30 – ന്യൂസിലാന്‍ഡ് – മൗണ്ട് മംഗനൂയി – 2019

23 വെസ്റ്റ് ഇന്‍ഡീസ് – സതാംപ്ടണ്‍ – 2020

16 – പാകിസ്ഥാന്‍ – മാഞ്ചസ്റ്റര്‍ – 2020

15 – ഓസ്‌ട്രേലിയ – ലീഡ്‌സ് – 2019

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ നിലവില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 എന്ന നിലയിലാണ്. 59 പന്തില്‍ 41 റണ്‍സുമായി മാര്‍നസ് ലബുഷാനും 21 പന്തില്‍ 12 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

Content Highlight: Ashes 2025: Jofra Archer’s batting performance in 2nd Test

We use cookies to give you the best possible experience. Learn more