| Saturday, 27th December 2025, 12:32 pm

പരമ്പര തോറ്റത് ഇനി മറക്കാം, 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന് ആദ്യ വിജയം

ആദര്‍ശ് എം.കെ.

ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം നേടി സന്ദര്‍ശകര്‍. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഇരു ടീമിന്റെയും ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തിനാണ് മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. രണ്ട് ദിവസം പൂര്‍ത്തിയാകും മുമ്പാണ് ടെസ്റ്റ് മത്സരം അവസാനിച്ചത് എന്നതും ശ്രദ്ധേയമാണ്.

സ്‌കോര്‍

ഓസ്‌ട്രേലിയ; 152 & 132

ഇംഗ്ലണ്ട്: 110 & 178/6 (T: 175)

2011ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഈ രണ്ട് വിജയങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി കളിച്ചത് 18 മത്സരങ്ങളാണ്. 16ലും തോറ്റപ്പോള്‍ രണ്ട് മത്സരം സമനിലയിലും അവസാനിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ 152 റണ്‍സില്‍ പുറത്തായി. 35 റണ്‍സ് നേടിയ മൈക്കല്‍ നെസറാണ് ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ്പ് സ്‌കോറര്‍.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടംഗാണ് ഓസീസിനെ എറിഞ്ഞിട്ടത്.

ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുമ്പില്‍ ആതിഥേയര്‍ എങ്ങനെ തകര്‍ന്നുവീണോ, സമാനമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പ്രകടനവും. വെറും 110 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. നാല് വിക്കറ്റ് വീഴ്ത്തിയ മൈക്കല്‍ നെസറാണ് ആതിഥേയര്‍ക്ക് തുണയായത്.

ആദ്യ ഇന്നിങ്‌സ് ലീഡുമായിറങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ടാം ഇന്നിങ്‌സിലും തിളങ്ങാന്‍ സാധിച്ചില്ല. 132 റണ്‍സിന് കങ്കാരുക്കള്‍ ഓള്‍ ഔട്ടായി. മൂന്ന് താരങ്ങള്‍ മാത്രം ഇരട്ടയക്കം കണ്ട ഇന്നിങ്‌സില്‍ 46 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആണ് ടോപ്പ് സ്‌കോറര്‍.

ബ്രൈഡന്‍ കാര്‍സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് മൂന്ന് വിക്കറ്റും വീഴ്ത്തി.

175 റണ്‍സിന്റെ ലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ശ്രദ്ധയോടെയാണ് ഓരോ പന്തും നേരിട്ടത്. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം ഭേദിച്ച ത്രീ ലയണ്‍സ് ഐതിഹാസികമായ ബോക്‌സിങ് ഡേ ടെസ്റ്റ് വിജയവും സ്വന്തമാക്കി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം പരാജയപ്പെട്ട് ആഷസ് സീരീസ് അടിയറവ് വെച്ച ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ വിജയം ഏറെ സ്‌പെഷ്യലാണ്.

Content Highlight: Ashes 2025: England wins their first match in Australia after 2011

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more