ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും വിജയം നേടി ആതിഥേയരായ ഓസ്‌ട്രേലിയ. വിശ്വപ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പിങ്ക് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.
സ്‌കോര്‍
ഇംഗ്ലണ്ട്: 384 & 342
ഓസ്‌ട്രേലിയ: 567 & 161/5 (T:160)
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1നാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ആതിഥേയര്‍ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ 384 റണ്‍സെടുത്തപ്പോള്‍ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറികളിലൂടെയാണ് ഓസീസ് മറുപടി നല്‍കിയത്.
ആദ്യ ഇന്നിങ്‌സില്‍ 567 റണ്‍സടിച്ച ഓസീസ് 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ ജേകബ് ബേഥല്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 256 പന്ത് നേരിട്ട താരം 154 റണ്‍സ് നേടി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബേഥലിന്റെ ആദ്യ സെഞ്ച്വറിയാണിത്.
ജേകബ് ബേഥല്‍
എന്നാല്‍ മറ്റുള്ളവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് കുഞ്ഞന്‍ വിജയലക്ഷ്യം ഓസീസിന് മുമ്പില്‍ ഉയര്‍ത്തുകയായിരുന്നു. കങ്കാരുക്കള്‍ അനായാസമത് മറികടക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക് നയിച്ച ബൗളിങ് യൂണിറ്റാണ് സിഡ്‌നി ടെസ്റ്റും ഓസീസിന് സമ്മാനിച്ചത്. സ്റ്റാര്‍ക്കിന് പുറമെ മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്യൂ വെബ്‌സ്റ്റര്‍ എന്നിവരും ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി.
കേവലം സിഡ്‌നി ടെസ്റ്റില്‍ മാത്രമല്ല, പരമ്പരയിലുടനീളം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
മിച്ചല്‍ സ്റ്റാര്‍ക്
അഞ്ച് ടെസ്റ്റില്‍ നിന്നും 19.33 ശരാശരിയില്‍ 31 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക് ഓരോ 29.6 പന്തിലും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഈ നൂറ്റാണ്ടില്‍ ഒരു ആഷസ് പരമ്പരയില്‍ 30 വിക്കറ്റിലധികം നേടുന്ന നാലാമത് താരമായും സ്റ്റാര്‍ക് മാറി. പരമ്പരയിലെ താരവും സ്റ്റാര്‍ക് തന്നെ.
15 വര്‍ഷക്കാലം ബാഗി ഗ്രീനണിഞ്ഞ ഇസ്മാന്‍ ഖവാജയുടെ പടിയിറക്കത്തിന് കൂടിയാണ് സിഡ്‌നി ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ഖവാജയുടെ അവസാന മത്സരത്തില്‍ വിജയവും ഒപ്പം പരമ്പരയും സമ്മാനിച്ചാണ് കങ്കാരുക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഓപ്പണിങ് ബാറ്റര്‍ക്ക് വിടനല്‍കിയത്.
Content Highlight: Ashes 2025-26: Australia defeated England