| Thursday, 20th November 2025, 10:45 pm

'ചിതാഭസ്മം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും'; ക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍റി, നാളെയാരംഭിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈവല്‍റിയുടെ പുതിയ പതിപ്പിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ ഡിഫൈന്‍ ചെയ്ത വിശ്വപ്രസിദ്ധമായ ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയില്‍ പര്യടനത്തിനെത്തുകയാണ്. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ ആദ്യ എവേ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് ചിരവൈരികളായ കങ്കാരുക്കളുടെ മണ്ണിലേക്ക് വിമാനം കയറിയത്. സ്വന്തം മണ്ണില്‍ ഇന്ത്യയ്‌ക്കെതിരായ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ സമനിലയ്ക്ക് ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുന്ന സ്റ്റോക്‌സിനും സംഘത്തിനും പലതും തെളിയിക്കേണ്ടതായുണ്ട്.

ഒരു പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ജയമില്ല എന്ന കളങ്കം മാറ്റിയെടുക്കുക എന്നത് തന്നെയാകും ഇതില്‍ പ്രധാനം. ജോ റൂട്ട് അടക്കമുള്ള വജ്രായുധങ്ങളുടെ മികച്ച ഫോമില്‍ സന്ദര്‍ശകര്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ഹോം അഡ്വാന്റേജും സ്റ്റീവ് സ്മിത്തും മിച്ചല്‍ സ്റ്റാര്‍ക്കും അടക്കമുള്ള താരങ്ങളുടെ അനുഭവസമ്പത്താണ് ആതിഥേയരുടെ കൈമുതല്‍.

2010-11 സീസണിലാണ് ഇംഗ്ലണ്ട് അവസാനമായി ഓസ്‌ട്രേലിയയില്‍ ആഷസ് പരമ്പര വിജയിക്കുന്നത്. സര്‍ അലസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയിയല്‍ ഒടുവില്‍ ടെസ്റ്റ് മത്സരം വിജയിച്ചതും ഈ പരമ്പരയിലായിരുന്നു.

2014ല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്ത് സ്വന്തമാക്കിയപ്പോള്‍ 2017ല്‍ 4-0നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു.

ഒടുവില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ 2021-22ല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0ന് ആതിഥേയര്‍ വിജയിച്ചു. ബ്രിസ്‌ബെയ്ന്‍, അഡ്‌ലെയ്ഡ്, ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറിയ മെല്‍ബണ്‍, ഹൊബാര്‍ട്ട് എന്നിവിടങ്ങളില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ സിഡ്‌നിയിലെ പിങ്ക് ബോള്‍ ടെസ്റ്റ് സമനിലയിലും അവസാനിച്ചു.

ഈ സീസണിലെ ആദ്യ പരമ്പരയില്‍ ഇംഗ്ലണ്ട് സമനില വഴങ്ങിയപ്പോള്‍ വിജയത്തോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ വശ്യത വെളിവാക്കുന്ന അഞ്ച് മത്സരങ്ങള്‍ക്ക് തന്നെയായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, ജേക് വെതറാള്‍ഡ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ബ്രെന്‍ഡന്‍ ഡോഗെറ്റ്, സ്‌കോട്ട് ബോളണ്ട്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് 12 പ്ലെയര്‍ സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്രാ ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്, ബ്രൈഡന്‍ കാഴ്‌സ്, സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), മാര്‍ക് വുഡ്.

ആഷസ് 2025-26

ആദ്യ മത്സരം – നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്

രണ്ടാം മത്സരം – ഡിസംബര്‍ നാല് മുതല്‍ വരെ – ദി ഗാബ

മൂന്നാം മത്സരം – ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്ലെയ്ഡ് ഓവല്‍

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം – ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്നി

Content Highlight: Ashes 2025-26

We use cookies to give you the best possible experience. Learn more