| Friday, 30th January 2026, 9:30 pm

അപ്പനും മോനും വരുന്നത് വെറുതേയാകില്ല, ചിരിപ്പിച്ചും രസിപ്പിച്ചും ആശകള്‍ ആയിരം ട്രെയ്‌ലര്‍

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച നടന്മാരാണ് ജയറാമും മകന്‍ കാളിദാസ് ജയറാമും. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. റിയല്‍ ലൈഫിലേതുപോലെ അച്ഛനും മകനുമായിട്ടാണ് ഇരുവരും ആശകള്‍ ആയിരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കോമഡിയും ഇമോഷനുമെല്ലാം ചേര്‍ന്ന പക്കാ എന്റര്‍ടൈനറാകും ചിത്രമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.

നടനാകാന്‍ നടക്കുന്ന ചെറുപ്പക്കാരനായി കാളിദാസ് വേഷമിടുമ്പോള്‍ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ഗൃഹനാഥനായി ജയറാമും ട്രെയ്‌ലറില്‍ മാക്‌സിമം സ്‌കോര്‍ ചെയ്യുന്നുണ്ട്. എവര്‍ഗ്രീന്‍ ഹിറ്റായ സന്ദേശത്തിലെ ‘എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി’ എന്ന ഹിറ്റ് ഡയലോഗും ട്രെയ്‌ലറിലുണ്ട്. കാളിദാസ്- ജയറാം കോമ്പോ പ്രേക്ഷകരെ ചിരിപ്പിക്കുമെന്നുറപ്പാണ്.

ഇരുവരും ഒന്നിച്ചെത്തിയ ടീസറിനും ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്. എന്റെ വീട് അപ്പൂന്റേം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആശകള്‍ ആയിരം. 2024ല്‍ പുറത്തിറങ്ങിയ ഓസ്‌ലറിന് ശേഷം ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയെന്ന പ്രത്യേകതയും ആശകള്‍ ആയിരത്തിനുണ്ട്.

ആശ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഷറഫുദ്ദീന്‍, രമേഷ് പിഷാരടി, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍.ആര്‍.ഡി, ഷിന്‍സ് ഷാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും ജൂഡ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറെക്കാലത്തിന് ശേഷം ജയറാമും കാളിദാസും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നില്ല. ഓസ്‌ലറിന്റെ വിജയത്തിന് ശേഷം നല്ല സബ്ജക്ടുകള്‍ മാത്രമേ മലയാളത്തില്‍ ചെയ്യുള്ളൂ എന്ന് ജയറാം പറഞ്ഞതും ചിത്രത്തിലുള്ള പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകമാണ്. ഫെബ്രുവരി അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ashakal Ayiram movie trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more