ഒരുകാലത്ത് മോളിവുഡില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ജയറാം. ഫാമിലി സിനിമകളിലൂടെ ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ജയറാമിന് ഇടക്കാലത്ത് ബോക്‌സ് ഓഫീസില്‍ അടിതെറ്റിയിരുന്നു. മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിലാണ്. ഓസ്‌ലറിന് ശേഷം താരം പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ആശകള്‍ ആയിരം.
ജയറാമും കാളിദാസും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററിലേത് പോലെ സമ്മിശ്ര പ്രതികരണമാണ് ഒ.ടി.ടി റിലീസിന് ശേഷവും ലഭിക്കുന്നത്. മികച്ച ആദ്യപകുതിയും ശരാശരിയിലൊതുങ്ങിയ രണ്ടാം പകുതിയുമാണ് ചിത്രത്തിനെന്നാണ് പ്രധാന വിമര്‍ശനം.
ജയറാമിന്റെ പല സിനിമകളുടെയും റഫറന്‍സുകള്‍ ചിത്രത്തില്‍ ആവശ്യത്തിലധികമുണ്ട്. ട്രോളന്മാര്‍ ചേര്‍ന്ന് ഹിറ്റാക്കിയ സലാം കാശ്മീരിലെ ‘പാപമാ’ റഫറന്‍സാണ് ഇതില്‍ പ്രധാനം. അതുവരെ സാധാരണ ഗൃഹനാഥനെന്ന് പലരും കരുതിയിടത്ത് നിന്ന് എല്ലാവരുടെയും മുന്നില്‍ ജയറാമിന്റെ മാസ് ട്രാന്‍സ്‌ഫോര്‍മേഷനിലാണ് സംവിധായകന്‍ ഈ ഐക്കോണിക് ബി.ജി.എം ഉപയോഗിച്ചത്.
ക്ലൈമാക്‌സില്‍ ജയറാം അവതരിപ്പിച്ച ഹരിഹരന്‍ എന്ന കഥാപാത്രം കാളിദാസിന്റെ അജീഷിനോട് ‘ഇപ്പോഴാടാ നീ നല്ല നടനായത്’ എന്ന് പറയുമ്പോള്‍ ‘നല്ല നടന്‍ ഇപ്പോഴും അച്ഛന്‍ തന്നെയാ’ എന്ന് പറയുന്നുണ്ട്. ജയറാമിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഡയലോഗ് നല്ല രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്.
അച്ഛന്‍- മകന്‍ ഈഗോ ക്ലാഷില്‍ ശ്രദ്ധ നല്‍കി മുന്നേറിയ ആദ്യ പകുതി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. എന്നാല്‍ പണ്ടുമുതല്‍ കണ്ടുശീലിച്ച സിനിമക്കുള്ളിലെ സിനിമയിലെ തീം അതേപടി പകര്‍ത്തിവെച്ച രണ്ടാം പകുതി ക്ഷമ പരീക്ഷിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഷാര്‍ജ ടു ഷാര്‍ജയിലെ ഹിറ്റ് ഗാനമായ ‘പതിനാലാം രാവിന്റെ’ റീമിക്‌സ് ചെയ്ത് അവതരിപ്പിച്ചതും കല്ലുകടിയായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
വന്‍ ഹിറ്റാകേണ്ട സിനിമയെ ശരാശരിയിലൊതുക്കിയത് രണ്ടാം പകുതിയാണെന്നും കമന്റുകളുണ്ട്. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജിത് സംവിധാനം ചെയ്ത ചിത്രമാണ് ആശകള്‍ ആയിരം. ജയറാമിനും കാളിദാസിനും പുറമെ ഷറഫുദ്ദീന്‍, ആശ ശരത്, ഇവാന, രമേശ് പിഷാരടി തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Content Highlight: Ashakal Ayiram getting average response after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ