| Saturday, 15th February 2025, 11:06 am

ആശ വര്‍ക്കര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക്; ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മൂന്ന് മാസത്തെ വരുമാന കുടിശിക ഉള്‍പ്പെടെ ആവശ്യപ്പെട്ട്  എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ ആശ വര്‍ക്കര്‍മാരുടെ സമരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടക്കുന്നത്. കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

സമരം ഇന്നത്തോടെ (ശനി) ആറ് ദിവസം പിന്നിട്ടു. ആശ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കിയതോടെ സര്‍ക്കാര്‍ പ്രതിഷേധക്കാരെ ചര്‍ച്ചക്ക് വിളിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. ആരോഗ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്.

ആവശ്യത്തിലധികം പണിയുണ്ടെന്നും എന്നാല്‍ തുച്ഛമായി ലഭിക്കുന്ന വേതനം പോലും മൂന്ന് മാസമായി കിട്ടിയിട്ടില്ലെന്നും ആശ വര്‍ക്കര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ ആശ വര്‍ക്കര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

വിരമിക്കല്‍ അനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പെന്‍ഷന്‍ പ്രഖ്യാപിക്കണം, വേതന കൃത്യസമയത്ത് നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചു. 7000 രൂപയാണ് പ്രതിമാസം ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നത്.

മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ സര്‍വേ നടത്തുന്നുണ്ടെന്നും രാത്രിയില്‍ വിളിച്ച് ചോദിച്ചാല്‍ പോലും റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിക്കണമെന്നും ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടു.  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള ആശ വർക്കർമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Content Highlight: Asha workers’ strike enters sixth day; Government called for discussion

We use cookies to give you the best possible experience. Learn more