മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആശ ശരത്. ‘കുങ്കുമപ്പൂവ്’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.
പിന്നീട് ജീത്തു ജോസഫിന്റെ ‘ദൃശ്യം’ സിനിമയിലെ ഗീത പ്രഭാകർ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ പ്രൊജക്ടായ ‘അപരാജിത’യെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്.
നാല് സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാണ് ‘അപരാജിത’ എന്ന നൃത്താവിഷ്കാരത്തിന്റെ പ്രമേയം. ആദ്യ കഥാപാത്രം പുരാണത്തിലെ ദമയന്തിയാണ്.
ആശ ശരത്, Photo: Asha Sharath/ Facebook
നളൻ അവളെ കാട്ടിൽ ഉപേക്ഷിച്ചിട്ടുപോകുമ്പോൾ ഒരിക്കൽപ്പോലും അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് ആശ പറയുന്നത്.
എക്കാലത്തും സ്ത്രീ-പുരുഷ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചില പുരുഷന്മാർ നാടുവിട്ടുപോകുകയോ ആത്മഹത്യയിലൂടെയോ രക്ഷനേടുമ്പോൾ സ്ത്രീകൾ മാത്രം പ്രശ്നങ്ങളുടെ നടുവിൽ ഒറ്റപ്പെടുകയാണെന്നും താരം ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ കഥാപാത്രം മുരുകന്റെ ഭാര്യയായ ദേവയാനിയാണ്. ഭാര്യയുള്ളപ്പോഴാണ് വള്ളി എന്ന കുറത്തിയോട് മുരുകന് പ്രണയം തോന്നുന്നത്.
ആശ ശരത്, Photo: Asha Sharath/ Facebook
ഇവിടെ അവതരിപ്പിക്കുന്നത് ഭാര്യയുടെ ചിന്തകളാണെന്ന് ആശ പറയുന്നു. ‘എന്നെ മറന്ന് എങ്ങനെയാണ് മറ്റൊരു ബന്ധത്തിന് കഴിഞ്ഞത്’ എന്ന സ്ത്രീയുടെ ചോദ്യം ഇന്നും പ്രസക്തമാണെന്നും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ തെറ്റായ ബന്ധങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ആശ വ്യക്തമാക്കി.
മൂന്നാമത്തെ കഥാപാത്രം നങ്ങേലിയാണ്. മുലക്കരം നൽകാതിരിക്കാൻ സ്വന്തം മുല മുറിച്ച് പ്രതിഷേധിച്ച സ്ത്രീ. എന്തെങ്കിലും അവകാശം നേടണമെങ്കിൽ സ്ത്രീകൾക്ക് സ്വന്തം ജീവൻ പോലും വെടിയേണ്ട അവസ്ഥ അന്നും ഇന്നും നിലനിൽക്കുന്നുണ്ടെന്ന ചോദ്യമാണ് ഈ കഥാപാത്രം ഉയർത്തുന്നതെന്ന് ആശ പറഞ്ഞു.
ഉത്രയാണ് നാലാമത്തെ കഥാപാത്രം. ‘പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നുകളഞ്ഞ സ്ത്രീ’ എന്നാണ് ആശ ശരത് പറഞ്ഞത്. ഇന്നും സ്ത്രീധനക്കൊലപാതകങ്ങൾ സമൂഹത്തിൽ നടക്കുന്നതായും പുരാണം, ചരിത്രം, വർത്തമാനം എന്നിങ്ങനെ കാലഘട്ടം മാറിയാലും സ്ത്രീകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഒരുപോലെയാണെന്നും താരം വ്യക്തമാക്കി.
‘അപരാജിത’യിലെ സ്ത്രീകൾ ആരും പരാജയപ്പെട്ടവരല്ലെന്നും ഏത് പ്രതിസന്ധിയിലും തലയുയർത്തി നിൽക്കാനുള്ള ശക്തിയുള്ള അപരാജിതരാണെന്നും ആശ കൂട്ടിച്ചേർത്തു.
വിവിധ വേദികളിലായി നൃത്താവിഷ്കാരം അവതരിപ്പിച്ചിട്ടുണ്ടെന്നും ഓരോ വേദിയിലും അവതരണത്തിന് പുതിയ അനുഭവം ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
അതേസമയം, ആശ ശരത്തിന്റെതായി ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം ‘ദൃശ്യം 3’യാണ്. മോഹൻലാൽ വീണ്ടും ജോർജ് കുട്ടിയായി എത്തുമ്പോൾ ഗീത പ്രഭാകർ എന്ന ശക്തമായ കഥാപാത്രമായി ആശ ശരത്തും ചിത്രത്തിലുണ്ടാകും.
മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് തിയേറ്ററുകളിലെത്തുക.
Content Highlight: Asha Sharath talks about the challenges women face