| Thursday, 29th October 2026, 3:19 pm

ദൃശ്യത്തില്‍ അഭിനയിക്കുമ്പോഴും കുങ്കുമപ്പൂവ് ചെയ്യുന്നുണ്ടായിരുന്നു, പല സനിമകളിലേക്കും വിളിച്ചത് സീരിയല്‍ കണ്ടിട്ടാണ്: ആശ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ആശ ശരത്. അഭിനേത്രി എന്നതിന് പുറമെ നര്‍ത്തകിയായും ആശ ശരത് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് താരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിലെ പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരാണ് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടിയിലുള്ളത്.

2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന്റെ കരിയര്‍ മാറ്റിമറിക്കുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്ത് വന്‍ ഹിറ്റായി മാറിയ ദൃശ്യത്തിലൂടെയാണ്. ചിത്രത്തിലെ ഐ.ജി ഗീതാ പ്രഭാകര്‍ എന്ന റോളോടെ ആശ ഇന്‍ഡസ്ട്രിയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. പിന്നാലെ ഒട്ടനവധി ചിത്രങ്ങളിലാണ് താരം വേഷമിട്ടത്.

ആശ ശരത്. Photo: X.com

ഈ വര്‍ഷം പുറത്തിറങ്ങി ഹിറ്റടിച്ച ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷത്തിലെത്തിയ ആശകള്‍ ആയിരത്തിലും ആശ ശരത് പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറില്‍ വഴിത്തിരിവായ വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്.

‘നൃത്തമായിരുന്നു ആദ്യത്തെ വഴിത്തിരിവ്. അതിലൂടെയാണ് സീരിയല്‍, സിനിമ, അവതാരക എന്നിങ്ങനെ പലവഴികള്‍ പിറന്നത്. എങ്കിലും, അഭിനയത്തിലെ ടേണിങ് പോയിന്റ് എന്ന് വിശേഷിപ്പിക്കാവുന്നത് ‘കുങ്കുമപ്പൂവി’ലെ പ്രൊഫസര്‍ ജയന്തിയായിരിക്കും. എന്റെ സിനിമകളിലൂടെയല്ല മറ്റ് സിനിമകളിലേക്ക് അവസരങ്ങള്‍ വന്നിട്ടുള്ളത്. കുങ്കുമപ്പൂവ് കണ്ടിട്ടാണ് ആദ്യസിനിമയായ ‘ഫ്രൈഡേ’യിലേക്ക് അവസരം വരുന്നത്.

കുങ്കുമപ്പൂവ്. Photo: Kerala TV

അതിനുശേഷം വന്ന ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍, കര്‍മ്മയോദ്ധ, ദൃശ്യം, വര്‍ഷം എന്നിവയിലേക്കെല്ലാം വഴിത്തിരിവായത് കുങ്കുമപ്പൂവിലെ കഥാപാത്രമാണ്. ഇതെല്ലാം ഏതാണ്ട് ഒരേകാലത്ത് സംഭവിച്ച ചിത്രങ്ങളാണ്. ഞാന്‍ ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ കുങ്കുമപ്പൂവിലും അഭിനയിക്കുന്നുണ്ടായിരുന്നു,’ ആശ ശരത് പറഞ്ഞു.

Content Highlight: Asha Sharath talks about her character in Kumkumapoov serial

Latest Stories

We use cookies to give you the best possible experience. Learn more