മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം’. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശക്തമായ പ്രകടനം കാഴ്ചവെച്ചപ്പോൾ, ഗീതാ പ്രഭാകർ എന്ന കഥാപാത്രമായി എത്തിയ ആശാ ശരത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു. തുടർന്ന് മറ്റു ഭാഷകളിലായുള്ള റീമേക്കുകളിലും അവർ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ ജോർജുകുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ച രീതിയും തമിഴ് പതിപ്പിൽ കമൽ ഹാസൻ കൈകാര്യം ചെയ്ത രീതിയും വ്യതാസമുണ്ടെന്ന് പറയുകയാണ് ആശ ശരത്.
ദൃശ്യം, Photo: IMDb
‘ലാലേട്ടൻ ജോർജുകുട്ടിയെ കൺസീവ് ചെയ്ത രീതിയിലല്ല കമൽ സാർ ചെയ്തത്. ഒരേ സിനിമയിലെ ഒരേ സീനുകളായിട്ടും നമുക്ക് അതേ അനുഭവം തോന്നിയിട്ടില്ല. കമൽ സാർ കഥാപാത്രത്തെ കൂടുതൽ ഇമോഷണലായി അവതരിപ്പിച്ചു. എന്നാൽ ലാലേട്ടൻ അതിനെ വളരെ സട്ടിൽ ആയി, നിയന്ത്രിതമായ രീതിയിൽ അവതരിപ്പിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ ആ വ്യത്യാസം വ്യക്തമായി കാണാം,’ആശാ ശരത് പറഞ്ഞു.
കമൽ ഹാസൻ കഥാപാത്രത്തെ കൂടുതൽ വികാരഭരിതമായി അവതരിപ്പിച്ചപ്പോൾ ചിലപ്പോൾ കഥാപാത്രത്തിന്റെ യാഥാർത്ഥ്യം കൈവിടുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും, അതേസമയം മോഹൻലാലിന്റെ അവതരണം തികച്ചും നിയന്ത്രിതവും സ്വാഭാവികമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
പാപനാശം, Photo: IMDb
ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഗ്രേ ഷേഡുകളും ചിന്തകളും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചത് മോഹൻലാലാണെന്ന് തന്നെയാണ് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നത്. കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായ ഒരു ‘ക്ലാസിക് ക്രിമിനൽ’ എന്ന നിലയിൽ ആ കഥാപാത്രത്തെ കാണാനാണ് തങ്ങൾക്ക് ഇഷ്ടമെന്നും അവർ അഭിപ്രായപ്പെടുന്നു.
ദൃശ്യത്തിന്റെ തമിഴിൽ കമൽ ഹാസൻ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, വികാരപരമായ ടോൺ കൂടുതൽ ആയപ്പോൾ കഥാപാത്രത്തിന്റെ നിലപാടുകൾക്ക് വേറൊരു അർത്ഥം ലഭിക്കുന്നതായും ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മലയാളത്തിലെ ജോർജുകുട്ടിയുടെ സമീപനം തന്നെയാണ് സിനിമയുടെ മായാജാലം നിലനിർത്തുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
സിനിമാ പ്രേമികൾക്കിടയിൽ ഇന്നും ദൃശ്യം സിനിമയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ തീരാതെ നില നിൽക്കുകയാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ.
Content Highlight: Asha sharath talk about Mohanlal and Kamalhaasan