| Monday, 25th May 2026, 9:55 am

ടേണിങ് പോയിന്റ് എന്ന് വിശേഷിപ്പിക്കാവുന്നത് 'കുങ്കുമപ്പൂവി'ലെ പ്രൊഫസർ ജയന്തിയായിരിക്കും: ആശ ശരത്

നന്ദന എം.സി

മലയാളികളുടെ പ്രിയ നടിയായ ആശ ശരത് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിനെക്കുറിച്ച് തുറന്ന് പറയുകയാണ്. നർത്തകിയായി കലാരംഗത്ത് തുടക്കം കുറിച്ച താരം പിന്നീട് സീരിയലുകളിലും സിനിമകളിലും അവതരണരംഗത്തും ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു.

ഇപ്പോഴിതാ അഭിനയജീവിതത്തിലെ യഥാർത്ഥ ടേണിങ് പോയിന്റ് എന്ന് വിശേഷിപ്പിക്കാവുന്നത് കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രമാണെന്ന് പറയുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.

ആശ ശരത്, Photo: OTT Play

‘നൃത്തമായിരുന്നു എന്റെ ആദ്യ വഴിത്തിരിവ്. അതിലൂടെയാണ് സീരിയലിലേക്കും സിനിമയിലേക്കും അവതാരകയിലേക്കുമുള്ള വഴികൾ തുറന്നത്. എന്നാൽ അഭിനയത്തിലെ ടേണിങ് പോയിന്റ് എന്ന് പറയേണ്ടത് ‘കുങ്കുമപ്പൂവി’ലെ പ്രൊഫസർ ജയന്തിയെയാണ്,’ ആശ ശരത് പറഞ്ഞു.

സിനിമകളിൽ നിന്നല്ല, മറിച്ച് സീരിയലിലെ പ്രകടനം കണ്ടാണ് പിന്നീട് സിനിമകളിലേക്ക് അവസരങ്ങൾ എത്തിയതെന്നും താരം വ്യക്തമാക്കി.

‘കുങ്കുമപ്പൂവ് കണ്ടിട്ടാണ് ആദ്യ സിനിമയായ ഫ്രൈഡേയിലേക്ക് അവസരം ലഭിച്ചത്. തുടർന്ന് ബഡ്ഡി, സക്കറിയയുടെ ഗർഭിണികൾ, കർമ്മയോദ്ധ, ദൃശ്യം, വർഷം എന്നിവയുൾപ്പെടെ നിരവധി സിനിമകളിലേക്ക് വഴിയൊരുക്കിയത് ‘കുങ്കുമപ്പൂവ്’ ആയിരുന്നു,’ താരം പറഞ്ഞു.

അന്ന് ‘ദൃശ്യം’ സിനിമയിൽ അഭിനയിക്കുമ്പോഴും ഒരേസമയം ‘കുങ്കുമപ്പൂവ്’ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആശ ശരത് ഓർത്തെടുത്തു. ദൃശ്യം സിനിമയിലെ ഗീത പ്രഭാകർ എന്ന കഥാപാത്രം ആശ ശരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷങ്ങളിലൊന്നായി മാറിയിരുന്നു.

ആശ ശരത്, Photo: OTT Play

അതേസമയം താൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണെന്നും ആശ ശരത് പറഞ്ഞു. ‘എല്ലാ സിനിമകളും കഥാപാത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ദൃശ്യം’ തന്നെയാണ്.

അനുരാഗ കരിക്കിൻ വെള്ളത്തിലെ സുമ, പാപ്പനിലെ ഡോക്ടർ ഷെർലി, ആശകൾ ആയിരത്തിലെ ആശ എന്നിവയും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളാണ്. ഖെദ്ദയിലെ കഥാപാത്രവും ഏറെ ഇഷ്ടമാണ്,’ ആശ ശരത് കൂട്ടിച്ചേർത്തു.

ടെലിവിഷൻ രംഗത്ത് നിന്നാരംഭിച്ച് മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ച നടിയാണ് ആശ ശരത്. ഇന്നും പ്രേക്ഷകർ ഓർക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ താരം തന്റെ അഭിനയമികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തീയേറ്ററുകളിൽ ഗംഭീര കുതിപ്പ് തുടരുന്ന ദൃശ്യം 3 യിലും മികച്ച പ്രകടനമാണ് ആശ കാഴ്ച വെച്ചത്.

Content Highlight: Asha sharath talk about Kunkumapoovu serial

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more