| Wednesday, 3rd June 2026, 12:08 pm

കല്യാണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ ആദ്യമായി കാണുന്നത്, പക്ഷെ ഒരു വർഷത്തോളം പ്രണയത്തിലായിരുന്നു: ആശ ശരത്

നന്ദന എം.സി

മലയാളികളുടെ പ്രിയ നടിയായ ആശ ശരത് തന്റെ പ്രണയവും വിവാഹജീവിതവും സംബന്ധിച്ച ഓർമകൾ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഭർത്താവ് ശരത്തിനെ ആദ്യമായി നേരിൽ കണ്ടതെന്നും അതിന് മുമ്പ് ഒരു വർഷത്തോളം ഇരുവരും ലോങ് ഡിസ്റ്റൻസ് പ്രണയത്തിലായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു ആശയുടെ തുറന്നുപറച്ചിൽ.

ടെലിവിഷൻ പരമ്പരയായ കുങ്കുമപ്പൂവ് വഴിയാണ് ആശ ശരത് പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് ദൃശ്യം സിനിമയിലെ ഗീത പ്രഭാകർ എന്ന കഥാപാത്രം നടിക്ക് കൂടുതൽ ജനപ്രീതി നേടി കൊടുത്തു.

ആശ ശരത് ഭർത്താവ് ശരത്തിനൊപ്പം, Photo: Asha sharath/ Facebook

അഭിനയത്തിനൊപ്പം കുടുംബജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന ആശ, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നായ പ്രണയകഥയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

എൻജിനിയറിങ് പഠനകാലം മുതൽ തന്നെ കത്തുകൾ എഴുതുന്നത് തന്റെ ശീലമായിരുന്നുവെന്ന് ആശ പറയുന്നു. വിദേശത്തുണ്ടായിരുന്ന സഹോദരനുമായി സ്ഥിരമായി കത്തുകളിലൂടെ ആശയവിനിമയം നടത്തിയിരുന്നുവെന്നും താരം ഓർക്കുന്നു. അതിനിടെയാണ് ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടന്നത്.

ദേശീയ നൃത്തമത്സരത്തിൽ സമ്മാനം നേടിയതിനെ തുടർന്ന് ദൂരദർശനിൽ ആശയ്ക്ക് ഒരു അഭിമുഖം ലഭിച്ചിരുന്നു. ആ അഭിമുഖത്തിന്റെ കാസറ്റ് സഹോദരന് വേണ്ടി മസ്‌കറ്റിലേക്ക് അയച്ചിരുന്നു.

അവിടെയുണ്ടായിരുന്ന സഹോദരന്റെ സുഹൃത്ത് ശരത് അത് കാണാൻ ഇടയാകുന്നു. ആദ്യ കാഴ്ചയിൽ തന്നെ ആശയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയെന്നും പിന്നാലെ വിവാഹാഭ്യർഥനയിലേക്ക് കാര്യങ്ങൾ എത്തിയെന്നുമാണ് താരം പറയുന്നത്.

ആശ ശരത് കുടുംബത്തോടൊപ്പം, Photo: Asha sharath/Facebook

‘അന്ന് ശരത്തേട്ടന് വെറും 24 വയസായിരുന്നു. കാസറ്റ് കണ്ടതിന്റെ പിറ്റേദിവസം തന്നെ അമ്മയോട് ‘ഞാൻ ഒരാളെ കണ്ടു, അവളെ വിവാഹം കഴിക്കണം’ എന്ന് പറഞ്ഞു. പിന്നീട് എന്റെ സഹോദരനോട് വന്ന് ‘ഐ വുഡ് ലൈക് ടു മാരി യുവർ സിസ്റ്റർ’ എന്ന് തുറന്ന് പറഞ്ഞിരുന്നു,’ ആശ പറഞ്ഞു.

ആശയുടെ സഹോദരനും ശരത്തിനെ വളരെ ഇഷ്ടമായിരുന്നുവെന്നും അതാണ് ബന്ധം മുന്നോട്ട് പോകാൻ കാരണമായതെന്നും താരം പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടന്നു.

‘വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത്. പക്ഷേ അതിന് മുമ്പ് ഒരു വർഷം ഞങ്ങൾ പ്രണയിച്ചു. കണ്ടുമുട്ടാതെ, കത്തുകളിലൂടെയും സംസാരങ്ങളിലൂടെയും ആ ബന്ധം വളർന്നു. ആ ഒരു വർഷം വളരെ റൊമാന്റിക്കായിരുന്നു,’ എന്നാണ് ആശ ശരത്തിന്റെ വാക്കുകൾ.

Content Highlight: Asha Sharath shares memories of her love and married life

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more