| Sunday, 22nd March 2026, 10:12 am

ത്രില്ലര്‍ സിനിമകളുടെ വേലിയേറ്റമായിരുന്നു മലയാളത്തില്‍; ഇതുപോലെയുള്ള വേഷങ്ങള്‍ പ്രതീക്ഷയാണ്: ആശ ശരത്ത്

ഐറിന്‍ മരിയ ആന്റണി

ദൃശ്യം എന്ന ഒറ്റ സിനിമ മതി ആശ ശരത്തിനെ മലയാളികള്‍ ഓര്‍ക്കാന്‍. ജോര്‍ജുകുട്ടിയെ വിറപ്പിച്ച ഐ.ജി ഗീത പ്രഭാകര്‍ ഇന്നും പലരുടെയും മനസില്‍ നിന്ന് പോയിട്ടുണ്ടാകില്ല. സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ആശ ശരത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയിരുന്നു.

ഫ്രൈഡെ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടി ദൃശ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിലും അഭിനയിച്ചു. വര്‍ഷം, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ ആശ ശരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആശകള്‍ ആയിരമാണ്.

ഇപ്പോഴിതാ മാതൃഭൂമി വാരാന്ത്യ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആശകള്‍ ആയിരം സിനിമയുടെ വിജയം തന്നെ ഒരുപാട് സന്തോഷിപ്പിച്ചുവെന്ന് നടി പറയുന്നു.

‘ആശകള്‍ ആയിരം’ എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ വലിയ സന്തോഷത്തിലാണ് ഞാന്‍. ഇടക്കാലത്ത് ത്രില്ലര്‍ സിനിമകളുടെ വേലിയേറ്റമായിരുന്ന മലയാളത്തില്‍. കുടുംബ പ്രേക്ഷകര്‍ ഫീല്‍ ഗുഡ് സിനിമകള്‍ തേടി തിയേറ്ററിലേക്ക് തിരിച്ചുവരുന്ന കാഴ്ചയ്ക്കാണ് ആശകള്‍ ആയിരം സാക്ഷ്യമേകിയത്. ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നര്‍മവും കോര്‍ത്തിണക്കി ഒരുക്കിയ സിനിമയാണ് അത്.

അച്ഛന്റെയും മകന്റെയും രസകരമായ ഉരസലുകള്‍ക്കിടയില്‍ ഒരുപക്ഷം പിടിക്കാനാകാതെ ഉഴലുന്ന ഭാര്യയും അമ്മയുമായിട്ടാണ് ഇതില്‍ എന്റെ കഥാപാത്രം. ഈ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തോന്നിയ ഇഷ്ടം അതില്‍ അഭിനയിച്ചപ്പോള്‍ കൂടിവരുകയായിരുന്നു. കരിയറില്‍ ഇതുപോലെയുള്ള വേഷങ്ങള്‍ എന്നും വലിയ സന്തോഷവും പ്രതീക്ഷയുമാണ്,’ ആശ ശരത്ത് പറഞ്ഞു.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും നൃത്തം എന്ന പ്രാണനെ താന്‍ എപ്പോഴും ചേര്‍ത്ത് പിടിക്കുന്നുണ്ടെന്നും ഇപ്പോള്‍ താന്‍ അവതരിപ്പിക്കുന്ന ഏകാംഗ നൃത്താവിഷ്‌കാരങ്ങള്‍ അതിനുതന്നെയാണ് അടിവരയിടുന്നതെന്നും ആശ ശരത്ത് പറയുന്നു. ‘മകളേ’ എന്ന പേരില്‍ താന്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തിന് പ്രേക്ഷകരില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ജൂഡ് ആന്തണി ജോസഫും അരവിന്ദ്, രാജേന്ദ്രനും ചേര്‍ന്ന് തിരക്കഥയൊരുക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത് ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ജയറാമും കാളിദാസ് ജയറാമും നീണ്ട 23വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Content Highlight: Asha Sharath says she  is happy that Aashakal Ayasam movie has been a success

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more