നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.
അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ആശ ശരത്ത്, ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസിനെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്ത്. ഇതാദ്യമായാണ് കാളിദാസും ആശ ശരത്തും ഒന്നിച്ചെത്തുന്നത്.
Photo: കാളിദാസ് ആശകള്‍ ആയിരം ട്രെയ്‌ലറില്‍ നിന്ന്
‘കണ്ണന്‍ എന്ന അഭിനേതാവിനെ കുറിച്ച് പറയുമ്പോള്‍ കണ്ണന്‍ എന്ന വ്യക്തിയെ കുറിച്ചും പറയണം. എല്ലാവരോടും നന്നായി പെരുമാറാനാറിയുന്ന നല്ലൊരു മകനാണ് കാളിദാസ്. നമ്മളോട് മാത്രമല്ല ചുറ്റുമുള്ളവരോട് സംസാരിക്കുന്നതും പെരുമാറുന്നതും വളരെ നന്നായിട്ടാണ്. ഒരു അമ്മയുടെ കണ്ണിലൂടെ കാണുമ്പോള്‍ നല്ലൊരു കുട്ടിയാണ് കണ്ണന്‍. അഭിനയതിലാണെങ്കിലും അതിനെ അപ്രോച്ച് ചെയ്യുന്നതും മറ്റും പല സമയത്തും നമ്മള്‍ നോക്കി കാണാറുണ്ട്.
പ്രത്യേകിച്ച് കേരളത്തിലല്ല, ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന കുട്ടിയാണ് അവന്‍. മലയാളം സംസാരിക്കുന്നതും ആ ഭാഷയോടുള്ള അപ്രോച്ചുമെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വളരെ ഭംഗിയായി സ്‌ക്രീനില്‍ മുന്നില്‍ കണ്ണന്‍ അഭിനയിക്കും. പല ഷോട്ടിലും എന്റെ കണ്ണ് അറിയാതെ നിറഞ്ഞിട്ടുണ്ട്. കാരണം ഒരു അമ്മ എന്ന രീതിയില്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. ജെന്‍സി കിഡ്‌സിന്റെ സ്വഭാവം നമുക്ക് അറിയാം, നല്ല വൈബുള്ള കുട്ടികളാണ് അവര്‍,’ ആശ ശരത്ത് പറയുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ സിനിമയില്‍ കണ്ട കാളിദാസന്റെ എക്‌സ്പ്രഷനും ഡയലോഗ് ഡെലിവറിയുമൊക്കെ ഇപ്പോഴും തനിക്ക് ഓര്‍മയുണ്ടെന്നും അച്ഛന്‍ മകന്‍ കോമ്പോ ഓഫ് സ്‌ക്രീനിലും കണ്ടിരിക്കാന്‍ വളരെ രസമാണെന്നും ജയറാമും കാളിദാസും വളരെ വൈബുള്ള അച്ഛനും മകനുമാണെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു. ജയറാമിന്റെ കുടുംബം സെറ്റില്‍ വന്നിട്ടുണ്ടെന്നും ആ കുടുംബത്തിന്റെ വൈബ് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും നടി പറഞ്ഞു.
അതേസമയം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ആശകളുടെ ആയിരത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 6 ന് സിനിമ തിയേറ്ററുകളിലെത്തും.
Content Highlight: Asha Sarath talks about Kalidas Jayaram