| Monday, 23rd March 2026, 7:19 am

ഗീതാ പ്രഭാകറിന് ഇപ്പോള്‍  മാറ്റങ്ങള്‍ വന്ന് കാണും; ജീവിതം കടന്ന് പോകുന്നത് പോലെയാണ് ദൃശ്യത്തിന്റെ അഭിനയകാലം: ആശ ശരത്ത്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആശ ശരത്ത്. സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ താരം ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ ഐ.ജി ഗീത പ്രഭാകറിനെ അത്ര പെട്ടന്നൊന്നും മലയാളികള്‍ മറക്കില്ല. ദൃശ്യത്തിലൂടെ തലവര മാറിയ ആശ ശരത്ത് തുടര്‍ന്ന് സിനിമയുടെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു.

പിന്നീട് അനുരാഗ കരിക്കിന്‍ വെള്ളം, വര്‍ഷം, സണ്‍ഡേ ഹോളിഡേ, ആന്റണി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആശകള്‍ ആയിരം എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും ഐക്കോണിക് ആയി നില്‍ക്കുന്നത് ദൃശ്യത്തിലെ ഐ.ജി ഗീതാ പ്രഭാകറാണ്.

ദൃശ്യം 3 ഏപ്രിലില്‍ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആശ ശരത്ത്. എല്ലാവരെയും പോലെ താനും ആകാംക്ഷയോടെ തന്നെയാണ് സിനിമയെ കാത്തിരിക്കുന്നതെന്ന് താരം പറയുന്നു.

‘ദൃശ്യം 1 പോലെയല്ല ദൃശ്യം 2 എന്നും അതുപോലെയായിരിക്കില്ല ദൃശ്യം 3 എന്നുമാണ് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്. ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്നറിയാന്‍ കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. ഗീതാ പ്രഭാകര്‍ എന്ന എന്റെ കഥാപാത്രത്തിന് ഇപ്പോള്‍ അഞ്ചാറുവര്‍ഷത്തെ വ്യത്യാസമുണ്ടാകും.

കാരണം അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യം 3 വരുന്നത്. എന്നെപ്പോലെ ജോര്‍ജ് കുട്ടിക്കും റാണിക്കും മക്കള്‍ക്കുമൊക്കെ പ്രായം കൂടിയിട്ടുണ്ട്. മൂന്ന് സിനിമകളുടെ നീണ്ട കാലത്തിനിടയില്‍ നമുക്കെല്ലാം വലിയ മാറ്റങ്ങള്‍ വരുമല്ലോ, അതുകൊണ്ട് തന്നെ ജീവിതം കടന്ന് പോകുന്നത് പോലെയാണ് ദൃശ്യം എന്ന സിനിമയുടെ അഭിനയകാലത്തെ ഞാന്‍ അനുഭവിക്കുന്നത്,’ ആശ ശരത്തിന്റെ വാക്കുകള്‍.

തന്റെ ഒടുവില്‍ പുറത്തിറങ്ങിയ ആശകള്‍ ആയിരം എന്ന സിനിമ വിജയച്ചതില്‍ സന്തോഷമുണ്ടെന്നും അത്തരം സിനിമകള്‍ ശ്രദ്ധിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ആശ ശരത്ത് പറഞ്ഞു. ഫീല്‍ഗുഡ് സിനിമകള്‍ തേടി ആളുകള്‍ തിയേറ്ററിലേക്ക് തിരിച്ചുവരുന്ന കാഴ്ചയ്ക്കാണ് ആശകള്‍ ആയിരം സാക്ഷ്യമേകിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന ദൃശ്യം 3 ഏപ്രില്‍ 2നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജി.സി.സി രാജ്യങ്ങളിലെ അനിശ്ചിതത്വം ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കുമെന്നും അതിനാല്‍ റിലീസ് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലീസിന് ഇനി വെറും മൂന്നാഴ്ച ബാക്കിയുള്ളപ്പോള്‍ നിര്‍മാതാക്കള്‍ യാതൊരു പ്രൊമോഷനും നടത്താത്തത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ടെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

Content highlight:  Asha Sarath on the upcoming Drishyam 3 and her character

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more