| Friday, 31st October 2025, 8:14 am

സെക്രട്ടറിയേറ്റ് പടിക്കലെ സമരം അവസാനിപ്പിക്കാന്‍ ആശാ പ്രവര്‍ത്തകര്‍; സമരം അവസാനിക്കുന്നത് 266ാം ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആശാ പ്രവര്‍ത്തകര്‍. ജില്ലാ തലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്, സമരം 266ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ സമരം അവസാനിപ്പിക്കാന്‍ ആശാ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

കേന്ദ്ര സ്‌കീം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആശാ പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം ലക്ഷ്യമിട്ടുള്ള ഈ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയത്തില്‍ വര്‍ധന് പ്രഖ്യാപിച്ചത് തങ്ങളുടെ സമരത്തിന്റെ നേട്ടമായാണ് ആശ സമരനേതാക്കള്‍ പറഞ്ഞത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ഓണറേറിയം 7,000ല്‍ നിന്നും 8,000 രൂപയായി വര്‍ധിക്കും.

എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1,000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്ന് ആശാ പ്രവര്‍ത്തകര്‍ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രതിദിനം 33 രൂപയുടെ വര്‍ധനവ് മാത്രമാണ് വന്നിട്ടുള്ളതെന്നും വിരമിക്കല്‍ ആനുകൂലം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

അതേസമയം, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ത്രിതല തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ പരസ്യപ്രചരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ വി.കെ. സദാനന്ദന്‍ അറിയിച്ചു.

സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വര്‍ക്കര്‍മാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിച്ചവര്‍ക്ക് വോട്ടില്ല എന്ന പ്രചാരണം ഉയര്‍ത്തിയാണ് ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ക്യാമ്പെയ്ന്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രചാരണം നടത്തും.

കഴിഞ്ഞ എട്ട് മാസത്തിലധികമായി സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുകയാണ്. ഇതിനിടയില്‍ വിവിധങ്ങളായ ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴും തങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന പേരില്‍ ആശാ വര്‍ക്കര്‍മാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വീടുകള്‍ കയറി ഇടതുമുന്നണിക്കെതിരെ പരസ്യ പ്രചരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: ASHA activists call for end to strike in front of Secretariat

We use cookies to give you the best possible experience. Learn more