| Tuesday, 21st April 2026, 1:05 pm

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ സഖ്യത്തിന് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി ഒവൈസി

ആദര്‍ശ് എം.കെ.

ഹൈദരാബാദ്: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിന് എ.ഐ.എം.ഐ.എം നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

‘എ.ഐ.എം.ഐ.എമ്മിന് വേണ്ടി, തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ അവരുടെ വിലപ്പെട്ട വോട്ടുകള്‍ സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ സഖ്യത്തിന് രേഖപ്പെടുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയോടെ സ്റ്റാലിന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് നാലിന് പ്രഖ്യാപിക്കും.

ഡി.എം.കെ സഖ്യത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കണമെന്ന് തമിഴ്നാട്ടിലെ വോട്ടര്‍മാരോട് അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു.

മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, കൊങ്കുനാടു മക്കള്‍ ദേശീയ കച്ചി, മനിതനേയ മക്കള്‍ കച്ചി, മനിതനേയ ജനനായക കച്ചി, മുക്കുളത്തോര്‍ പുലിപ്പടൈ, എസ്.ഡി.പി.ഐ, തമിളര്‍ ദേശം കച്ചി, ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ഡി.എം.കെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസ്സീവ് അലയന്‍സിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ജനവിധി തേടുന്നത്.

മറുവശത്ത് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ സഖ്യമായാണ് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബി.ജെ.പിക്ക് പുറമെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, ഇന്ത്യ ജനനായഗ കച്ചി, പുരട്ചി ഭാരതം കച്ചി, പുതിയ നീതി കച്ചി, സിംഗ തമിഴര്‍ മുന്നേറ്റ കഴകം, തമിഴ് മാനിസ ബഹുജന്‍ സമാജ് പാര്‍ട്ടി, തമിഴ് മാനില കോണ്‍ഗ്രസ്, സൗത്ത് ഇന്ത്യന്‍ ഫോര്‍വേര്‍ഡ് ബ്ലോക്, തമിഴക മക്കള്‍ മുന്നേറ്റ കഴകം എന്നിവരാണ് സഖ്യത്തിലെ മറ്റ് കക്ഷികള്‍.

Content highlight: Asaduddin Owaisi urges people to vote for Stalin-led DMK alliance in Tamil Nadu assembly elections

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more