ന്യൂദല്‍ഹി: ഇന്ത്യ ഇസ്രഈലില്‍ നിന്ന് അകലം പാലിക്കണമെന്നും ഖത്തറിനൊപ്പം നില്‍ക്കണമെന്നും ഹൈദരാബാദ് പാര്‍ലമെന്റ് അംഗം അസദുദ്ദീന്‍ ഒവൈസി. ഇസ്രഈലിന്റെ ഖത്തര്‍ ആക്രമണത്തെ അപലപിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഇസ്രഈല്‍ വംശഹത്യ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അപകടമാണെന്നും ഒവൈസി ചൂണ്ടിക്കാണിച്ചു.
‘നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ വംശഹത്യ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അപകടമാണ്,’ ഒവൈസി പോസ്റ്റ് ചെയ്തു.
ഖത്തറില്‍ ഏഴ് ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളുണ്ടെന്ന് ഒവൈസി ചൂണ്ടിക്കാണിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ച് പരാമര്‍ശിക്കവേ, 2024-25ല്‍ ഇന്ത്യ ഖത്തറിലേക്ക് 1.68 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തുവെന്നും മറുവശത്ത് ഇറക്കുമതി ആകെ 12.47 ബില്യണ്‍ ഡോളറാണെന്നും ഒവൈസി പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ആഗോളതലത്തില്‍ ഇസ്രഈലില്‍ നിന്ന് ഇന്ത്യ സ്വയം അകലം പാലിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
‘ആഗോളതലത്തില്‍ ഇസ്രഈല്‍ രാഷ്ട്രത്തില്‍ നിന്ന് ഇന്ത്യ സ്വയം അകലം പാലിക്കുക. ഇന്ത്യയ്ക്ക് വ്യക്തമായതും തത്വാധിഷ്ഠിതവുമായ നിലപാട് പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ജയ് ഹിന്ദ്
അതേസമയം ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖത്തറില്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസിന്റെ പ്രധാന നേതാവ് ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം. ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.
അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
Content Highlight: Asaduddin Owaisi says India should keep distance from Israel and stand with Qatar