| Friday, 12th June 2026, 10:59 am

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമയമുണ്ട്, യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നാവികരുടെ മരണത്തില്‍ അനുശോചിക്കാന്‍ നേരമില്ല; മോദിക്കെതിരെ ഒവൈസി

ആദർശ് എം.കെ.

ഹൈദരാബാദ്: ഒമാന്‍ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് സൈനിക ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ തൊഴിലാളികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക്, യു.എസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ പോലും സമയമില്ലെന്ന് ഒവൈസി ആരോപിച്ചു.

‘അന്താരാഷ്ട്ര സമുദ്രാതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാജയപ്പെടുകയാണ്. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ കടമയാണ്. എന്നാല്‍ അമേരിക്കന്‍ സൈന്യം ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിനെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകാത്തത് സങ്കടകരമാണ്,’ അസദുദ്ദീന്‍ ഒവൈസി വിമര്‍ശനമുന്നയിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒവൈസി ചോദിച്ചു. വിദേശ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റി എന്നതിന് മറ്റ് ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതും അവര്‍ യുദ്ധമുഖത്ത് കൊല്ലപ്പെടുന്നതും തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സിനിമകളില്‍ പോലും ചൈനയുടെ പേര് പറയുന്നതിനോ ഗാല്‍വാന്‍ പോരാട്ടം ചിത്രീകരിക്കുന്നതിനോ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ഒവൈസി വിമര്‍ശനം കടുപ്പിച്ചത്.

പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന ഇത്തരം നടപടികളിലൂടെ ആഗോള തലത്തില്‍ രാജ്യത്തിന്റെ ഉത്തരവാദിത്തവും ജാഗ്രതയും ചോദ്യം ചെയ്യപ്പെടുകയാണെന്ന് ഒവൈസി ഓര്‍മിപ്പിച്ചു. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ ഇതിലും മികച്ച ഭരണവും സുരക്ഷയും അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇന്ത്യന്‍ ജീവനക്കാരുള്ള മൂന്ന് വ്യാപാര കപ്പലുകള്‍ക്ക് നേരെ ഒമാന്‍ തീരത്ത് യു.എസ് സൈന്യം ആക്രമണം നടത്തിയതായും, ഇതില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും ജൂണ്‍ 11 വ്യാഴാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം അമേരിക്കന്‍ ഭരണകൂടവുമായി ശക്തമായി സംസാരിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: Asaduddin Owaisi critiques Modi Following Deaths of Indians in US Strike

 

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more