കാലം മാറുന്നതിന് അനുസരിച്ച് സിനിമയിലും മാറ്റങ്ങൾ വരുമെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
‘കാലത്തിന്റെ സ്പന്ദനങ്ങൾക്ക് അനുസരിച്ചാണ് സിനിമയുടെ കഥ രൂപപ്പെടുന്നത്. സ്ത്രീയായാലും പുരുഷനായാലും അതത് സാമൂഹിക അവസ്ഥയ്ക്ക് യോജിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാറ്.
നാടോടിക്കാറ്റിലെ ശോഭന ജീവിതത്തിന്റെ പ്രാരബ്ദങ്ങൾക്കിടയിൽ കഷ്ടപ്പെടുന്ന സ്ത്രീയാണ്. തലയണമന്ത്രത്തിലെ കാഞ്ചന വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് പൊങ്ങച്ചം കാണിക്കുകയും കുശുമ്പും കുന്നായ്മയുമുള്ള വീട്ടമ്മയാണ്,’ സത്യൻ അന്തിക്കാട് പറയുന്നു.
ഈ സിനിമകൾ ചെയ്ത കാലത്തുള്ള ഇടത്തരക്കാരുടെ ജീവിതത്തിൽ പൊതുവായി സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നുമാണ് ഇത്തരം കഥാപാത്രങ്ങൾ ഉണ്ടായത്. കാലം മാറുന്നതിനനുസരിച്ച് താനും സ്വയം നവീകരിക്കപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
മനസ്സിനക്കരെയിലെ ഷീലയിലൂടെയും അച്ചുവിന്റെ അമ്മയിലെ ഉർവശിയിലൂടെയും വിനോദയാത്രയിലെ മീര ജാസ്മിനിലേക്ക് എത്തുമ്പോൾ സ്വയം പര്യാപ്തരായിട്ടുള്ള സ്ത്രീകളുടെ കാലത്തിലേക്ക് സമൂഹവും സിനിമയും മാറിയെന്നും ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളുടെ ശബ്ദത്തിന് കൂടുതൽ മൂല്യമുണ്ടെന്നും പറഞ്ഞ അദ്ദേഹം, ലിംഗനീതിക്കുവേണ്ടി അവർ ശക്തമായി വാദിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
അച്ചുവിൻ്റെ അമ്മയിലെ രംഗം
എതിർപ്പുകളും സ്വാതന്ത്ര്യമില്ലായ്മയും സഹിച്ച് ഭർതൃവീടുകളിൽ ജീവിക്കുന്ന സ്ത്രീകൾ സമൂഹത്തിലും സിനിമയിലും ഉണ്ടായിരുന്നെന്നും ഇന്ന് അഭിപ്രായങ്ങളും എതിർപ്പുകളും തുറന്നുപറയാനും അനാരോഗ്യകരമായ ബന്ധങ്ങൾ വേണ്ടെന്ന് വെക്കാനും പ്രാപ്തിയുള്ളവരായി സ്ത്രീകൾ മാറിയെന്നും സംവിധായകൻ പറഞ്ഞു.
ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളുടെ ശബ്ദത്തിന് കൂടുതൽ മൂല്യമുണ്ട്. ലിംഗനീതിക്കുവേണ്ടി അവർ ശക്തമായി വാദിക്കുന്നുണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവ്വത്തിലും മാളവിക അവതരിപ്പിച്ച കഥാപാത്രം വിവാഹ നിശ്ചയത്തിന്റെ അന്ന് വരന്റെ ടോക്‌സിക് സ്വഭാവം തിരിച്ചറിഞ്ഞപ്പോൾ കല്യാണം വേണ്ടെന്ന് വെക്കുന്നുണ്ട്.
Content Highlight: As time changes, cinema will also change says Sathyan Anthikkad