| Thursday, 23rd April 2026, 11:55 am

തമിഴില്‍നാട്ടില്‍ ഡി.എം.കെയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകും; ബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ഡി. രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടുമെന്ന് സി.പി.ഐ നേതാവ് ഡി. രാജ.

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുചെയ്യല്‍ എന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തലാണെന്നും പൗരന്റെ മൗലികാവകാശമാണെന്നും ഡി. രാജ ഓര്‍മ്മിപ്പിച്ചു. എല്ലാ പൗരന്മാരും ജനാധിപത്യ പ്രക്രിയയില്‍ വലിയ തോതില്‍ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം തമിഴ്നാട്ടില്‍ വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് പിന്നാലെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും രാജ പ്രതികരിച്ചു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും തമിഴ്നാട് എപ്രകാരം പ്രതിരോധിക്കുന്നുവോ, അതേ മാതൃകയില്‍ ബംഗാളിലെ ജനങ്ങളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

‘ബംഗാളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കരുത്. അവിടെ ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഫലത്തിനായി കാത്തിരിക്കേണ്ടതുണ്ട്. എങ്കിലും ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാന്‍ ബംഗാള്‍ ജനത പോരാടണം,’ രാജ കൂട്ടിച്ചേര്‍ത്തു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലെ 152 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുകയാണ്. രാവിലെ 9 മണി വരെയുള്ള കണക്കുകള്‍ പ്രകാരം:

തമിഴ്നാട്ടില്‍ 17.69 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ 18.76% പോളിങ്ങും രേഖപ്പെടുത്തിക്കഴിഞ്ഞു.

തമിഴ്നാട്ടില്‍ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (20.38%) രേഖപ്പെടുത്തിയത്. ഈറോഡ് (19.55%), ചെന്നൈ (16.51%) എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകള്‍. ബംഗാളില്‍ പശ്ചിമ മേദിനിപൂര്‍ ജില്ലയാണ് മുന്നില്‍ (20.51%). ബങ്കുര (20.20%), ജാര്‍ഗ്രാം (19.84%) ജില്ലകളിലും മികച്ച പോളിങ് നടക്കുന്നുണ്ട്.

രാവിലെ തന്നെ പ്രമുഖ നേതാക്കളും സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളില്‍ എത്തി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മന്ത്രി കെ.എന്‍. നെഹ്റു, ഡി.എം.കെ നേതാക്കളായ എ. രാജ , കനിമൊഴി എന്നിവര്‍ വോട്ട് ചെയ്തു.

താരങ്ങളായി രജനീകാന്ത്, നടന്‍ വിജയ്, ധ്രുവ് വിക്രം എന്നിവരും വോട്ട് രേഖപ്പെടുത്താനെത്തി. വി.കെ. ശശികല ചെന്നൈയിലും ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ തിരുനെല്‍വേലിയിലും വോട്ട് രേഖപ്പെടുത്തി.

ടിവികെ സ്ഥാനാര്‍ത്ഥി ആധവ് അര്‍ജുനയും വോട്ട് ചെയ്തു. തമിഴ്നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്‌നായിക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 5.73 കോടിയിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

2.93 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. 2.80 കോടി പുരുഷന്മാരും. 14.59 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്.

സംസ്ഥാനത്താകെ 62 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6 മണി വരെ വോട്ടെടുപ്പ് തുടരും. മെയ് 4-നാണ് വോട്ടെണ്ണല്‍.

തമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഡി.എം.കെയും തിരിച്ചുവരവിനൊരുങ്ങി എ.ഐ.എ.ഡി.എം.കെയും പുതിയ എന്‍ട്രിയായി ടി.വി.കെയും ഉള്‍പ്പെടുന്ന പോരാട്ടത്തിനാണ് തെരഞ്ഞെടുപ്പ് വേദിയാകുന്നത്.

Content Highlight: As Tamil Nadu votes, D Raja predicts DMK victory, calls for BJP defeat in Bengal

We use cookies to give you the best possible experience. Learn more