| Monday, 3rd November 2025, 9:39 am

അവസാനം മുന്നറിയിപ്പ് കാണിക്കേണ്ട അവസ്ഥയായി; പുതിയ അറിയിപ്പുമായി തിയേറ്റര്‍ ഉടമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഇറെ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കിയ സിനിമ ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനുകള്‍ സ്വന്തമാക്കിയിരുന്നു.

സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. സിനിമ കാണിക്കുന്നതിനിടെ അനാവശ്യമായി ശബ്ദം ഉണ്ടാക്കരുതെന്നാണ് മുന്നറിയിപ്പ്.

‘ഇതൊരു ഹൊറര്‍ സിനിമയാണ് ദയവായി അനാവശ്യ ബഹളങ്ങളുണ്ടാക്കി ചിത്രത്തിന്റെ ശരിയായ ആസ്വാദനം തടസ്സപ്പെടുത്തരുത്’ എന്നാണ് തിയേറ്റര്‍ ഉടമകള്‍ പുറത്തിറക്കിയ നിര്‍ദ്ദേശം.

കോഴിക്കോട് അപ്‌സര തിയേറ്റര്‍, തൃശൂര്‍ രാഗം തുടങ്ങിയ തിയേറ്ററുകളില്‍ നിലവില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഈ നിര്‍ദ്ദേശം സ്‌ക്രീനിങ് ചെയ്യുന്നുണ്ട്. തിയേറ്റര്‍ ഉടമകളുടെ ഈ നിലപാടിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

അതേസമയം ഗംഭീര അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന ഡീയസ് ഈറെയില്‍ പ്രണവ് മോഹന്‍ലാലിന് പുറമെ അരുണ്‍ അജികുമാര്‍, ജിബിന്‍  ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഭ്രമയുഗം, ഭൂതക്കാലം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്. ഡീയസ് ഈറേയുടെ തിരക്കഥ നിര്‍വഹിച്ചതും രാഹുല്‍ തന്നെയൊണ്. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഡീയസ് ഈറേ. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റോ സേവ്യറാണ്.

Content highlight: As movie dies irae theaters continue to screen, theater owners have come out with a new warning

We use cookies to give you the best possible experience. Learn more