| Thursday, 24th September 2026, 1:54 pm

മോദി വാഴ്ച ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ ഭരണഘടന സ്ഥാപനങ്ങളുടെയെല്ലാം നട്ടെല്ലൂരിയെടുത്തിരിക്കുകയാണ്: എം.ബി രാജേഷ്

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ വാഴ്ച ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം നട്ടെല്ലൂരിയെടുത്തിരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.ബി രാജേഷ്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഇതുവരെ ഉയര്‍ന്ന സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഇതുവരെ ഉയര്‍ന്ന സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്. മൂന്നംഗ കമീഷനിലെ രണ്ടംഗങ്ങള്‍ കമീഷന്റെ നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിന്റെയും വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെയും വാര്‍ത്തകള്‍ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടത്.

10 മാസത്തിനിടയില്‍ 14 തവണ രണ്ടു പേരും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ നിയമവിരുദ്ധ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെ തെളിവുകളാണ് പത്രം പുറത്തുവിട്ടിട്ടുള്ളത്.

ഉന്നയിക്കപ്പെട്ട നിയമവിരുദ്ധ നടപടികള്‍ പ്രധാനമായും എസ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് എന്നത് കൂടുതല്‍ ഗൗരവമുള്ളതാണ്. എസ്.ഐ.ആറിലൂടെ ഇതുവരെ വോട്ടവകാശം നഷ്ടപ്പെട്ടത് 12 കോടി പേര്‍ക്കാണ് എന്നോര്‍ക്കണം,’ പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ കൂട്ടക്കുരുതിക്കാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കാര്‍മികത്വം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് കമീഷന്റെ യോഗങ്ങളുടെ അജണ്ടയോ മിനിട്ട്‌സോ ലഭിക്കാറില്ല എന്നത് ഞെട്ടിക്കുന്ന പരാതിയല്ലേ? നാട്ടിന്‍പുറത്തെ പാല്‍ സൊസൈറ്റിയുടെ ബോര്‍ഡ് പോലും അജണ്ടയും മിനിട്ട്‌സുമില്ലാതെ, അവ ലഭ്യമാകാതെ പ്രവര്‍ത്തിക്കുമോ?

കമീഷനിലെ മൂന്നംഗങ്ങള്‍ക്കും തുല്യ അധികാരമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ തുല്യരില്‍ ഒന്നാമന്‍ മാത്രമാണെന്നും ഭരണഘടനയില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കുന്നു.

എന്നാല്‍ ഗ്യാനേഷ്‌കുമാറിന്റെ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ‘അമിത ഷോ’യാണിപ്പോള്‍ നടക്കുന്നത്.

ഗ്യാനേഷ്‌കുമാറിനെ ഇമ്പീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കം ശരിയായിരുന്നുവെന്നും ഇപ്പോള്‍ ബോധ്യമായില്ലേ? ഇതേ ഗ്യാനേഷിന്റെ മകളുടെ അമിതാധികാര ധാര്‍ഷ്ട്യത്തിനാണ് ഏതാനും ദിവസം മുമ്പ് നീതിപീഠത്തില്‍ നിന്ന് കനത്ത പ്രഹരമേറ്റത് എന്നുമോര്‍ക്കണം.

മോദി വാഴ്ച ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം എന്തൊരു അധപതനത്തിലാണ് എത്തിയിരിക്കുന്നത് എന്നാണിത് കാണിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം നട്ടെല്ലൂരിയെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഇല്ലാതായിരിക്കുന്നു. ജനാധിപത്യം പരിഹാസ്യമായിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആര്‍ പിണറായി വിജയന്‍ കൊണ്ടുവന്നതാണെന്ന് നാടുനീളെ പ്രചരിപ്പിച്ച ലീഗിനൊക്കെ ഇതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിച്ചു.

‘സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ വരെ ഇങ്ങനെ ദുരുപയോഗിക്കുന്ന ഇന്ത്യയിലാണ് ബി.ജെ.പി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇ.ഡി പറയുന്ന പെരുങ്കള്ളങ്ങളെല്ലാം കൂപമണ്ഡൂകങ്ങളായ ലീഗിനും കോണ്‍ഗ്രസിനും വേദവാക്യമാകുന്നത് എന്ന് മറക്കരുത്,’ അദ്ദേഹം കുറിച്ചു.

Content Highlights: As Modi’s rule completes a twelve-year cycle, the very backbone of all constitutional institutions has been broken: M.B. Rajesh.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more