| Wednesday, 7th May 2025, 3:07 pm

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്: എം.സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളവും സ്വന്തം വീട് തകരാത്തിടത്തോളവും ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന് സി.പി.ഐ.എം നേതാവ് എം.സ്വരാജ്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിനെ തുടര്‍ന്നുണ്ടാവുന്ന യുദ്ധാഹ്വാനങ്ങള്‍ക്കിടയിലാണ് സ്വരാജിന്റെ പോസ്റ്റ്.

നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നതായും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാനെന്നും നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും ഭീകരപ്രവര്‍ത്തനം
തുടച്ചു നീക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണമെന്നും
കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണെന്നും സ്വരാജ് പറഞ്ഞു.

അതിര്‍ത്തിയില്‍ പാക്‌സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്തയെന്നും ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നുവെന്നും സ്വരാജ് പറഞ്ഞു. യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ട് ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുന്നുമുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യമെന്നും ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണെന്നും കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണെന്നും അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യകാരന്‍ എം.മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഭാഗം പങ്കുവെച്ചായിരുന്നു സ്വരാജിന്റെ പോസ്റ്റ്. ദല്‍ഹി ഗാഥകളില്‍ ശ്രീധരനുണ്ണി എന്ന കഥാപാത്രം യുദ്ധം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചാണ് ഹൃദയം തകര്‍ന്ന് മരിച്ചുപോവുന്നതെന്നും യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സഹിക്കാന്‍ കഴിയാത്തതെന്നാണെന്നും നോവലില്‍ പറയുന്നുണ്ട്. പശ്ചാത്തലം ഇന്ത്യാ- ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദല്‍ഹി ഗാഥകളിലൂടെ എം. മുകുന്ദന്‍ പങ്കുവെക്കുന്നതെന്നും സ്വരാജ് പറയുന്നു.

Content Highlight: As long as a missile doesn’t land in one’s own yard, as long as one’s own house doesn’t get destroyed, war is just a matter of time on the border for some: M. Swaraj

We use cookies to give you the best possible experience. Learn more