ബ്രസീലിലെയും സെർബിയയിലെയും നവലിബറൽ വംശീയവാദികൾക്കെതിരായ വിധിയെഴുത്തിന്റെ തുടർച്ചയിലാണ് ഇസ്രഈലിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. സയണിസ്റ്റുകൾക്കും മറ്റെല്ലാതരം വംശീയവാദികൾക്കുമെതിരായ ജനവികാരം യൂറോപ്പിലും പശ്ചിമേഷ്യയിലുമെല്ലാം ആഞ്ഞടിക്കുന്നുവെന്നാണ് ഇസ്രഈലിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇസ്രഈൽ തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിന് വൻ തിരിച്ചടി നൽകിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. സയണിസ്റ്റ് ഭീകരതയുടെ ചോരപ്പുഴകൾ സൃഷ്ടിച്ച ഗസയിലും വെസ്റ്റ്ബാങ്കിലും ടെഹ്റാനിലും ലെബനനിലുമെല്ലാം അഴിഞ്ഞാടിയ വംശീയാധിപത്യ ഭരണകൂടത്തിനെതിരെ ഇസ്രഈൽ ജനതതന്നെ വിധിയെഴുതിയിരിക്കുന്നുവെന്ന് പറയാം.
ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട നവഫാസിസ്റ്റ് ഭീകരനായ ട്രംപുമായി ചേർന്ന് പശ്ചിമേഷ്യയെ ചോരയിൽ മുക്കിയ ഇസ്രഈലിലെ തീവ്രവലതുപക്ഷ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹു. ഏറെക്കുറേ ഇവിടുത്തെ ഹിന്ദുത്വ വർഗീയപാർടിയായ ആർ.എസ്.എസ് ബി.ജെ.പിയോട് സമീകരിച്ച് കാണാവുന്ന ലിക്വിഡ് പാർടിയുടെ നേതാവാണ് അദ്ദേഹം.
നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് ഇസ്രഈൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇസ്രഈൽ പാർലമെന്റ് നെസ്റ്റ് എന്ന പേരിലാണ് വിളിക്കപ്പെടുന്നത്.
120 സീറ്റുള്ള നെസ്റ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റെങ്കിലും വേണം. അമേരിക്കൻ വംശീയവാദികളുടെയും ട്രംപിന്റെയും പിന്തുണയുള്ള നെതന്യാഹുവിന്റെ സഖ്യത്തിന് 51 സീറ്റേ ലഭിച്ചുള്ളൂ. ലിക്കുഡ് പാർടിക്ക് 26 സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നു.
പൊതുവെ തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിശകലനങ്ങൾ സൂചിപ്പിക്കുന്നത് കടുത്ത സയണിസ്റ്റ് വംശീയവാദത്തിനെതിരായ അറബ്-ഇടതുപക്ഷ പാർടികളുടെ മുന്നേറ്റമാണ് കാണിക്കുന്നത്.
അറബ് പാർട്ടികളുടെ വിജയം കഫിയ ഉയർത്തി ആഘോഷിക്കുന്ന പ്രവർത്തകർ
മുൻ സൈനികമേധാവി ഗാദിഐസൻകോട്ട് നയിക്കുന്ന യാഷർ പാർടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിക്ക് 49 സീറ്റ് കിട്ടിയിട്ടുണ്ട്. യാഷർ പാർടിക്ക് 21 സീറ്റാണ് കിട്ടിയത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ 18 സീറ്റുള്ള അറബ് ഇടതുപക്ഷപാർടികളുടെ നിലപാടും നിർണ്ണായകമാകും.
നെതന്യാഹു മുന്നണിയിലെ കടുത്ത വംശീയകക്ഷികളായ ഷാസിന് 7 ഉം യുനൈറ്റഡ് തോറ ജൂതായിസത്തിന് 7 ഉം ഒസ്മ യഹൂദിക്ക് 7 ഉം റിലീജ്യസ് സയണിസ്റ്റ് പാർടിക്ക് 6 ഉം സീറ്റാണ് കിട്ടിയത്. ഇത് നെതന്യാഹു മുന്നണിക്കുള്ള ശക്തമായ തിരിച്ചടിയാണ്.
2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രഈൽ സേന ആരംഭിച്ച ഗസയിലെ വംശഹത്യയും ഇറാൻ അധിനിവേശവും സാർവദേശീയതലത്തിലെന്നപോലെ ഇസ്രഈൽ ജനതയ്ക്കിടയിലും ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
അത് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഇസ്രഈൽ ജനതയുടെ വിധിയെഴുത്ത്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുടനീളം ഇറാനിലെ അധിനിവേശം പൂർത്തിയാക്കാൻ നെതന്യാഹു തന്നെ ജയിക്കണമെന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം ഭരണസഖ്യത്തിന് സീറ്റുകൾ കുറച്ചു.
ഇസ്രഈൽ ജനത നെതന്യാഹുവിനെയും അയാളുടെ അമേരിക്കൻ രക്ഷാധികാരിയായ ട്രംപിനെയും വെറുക്കുന്നുവെന്നാണ് ഫലങ്ങൾ കാണിക്കുന്നത്. വലതുപക്ഷ കക്ഷികൾ നയിക്കുന്ന പ്രതിപക്ഷത്തിന് രണ്ട് സീറ്റ് കിട്ടിയപ്പോൾ അറബ് കക്ഷികൾക്ക് സീറ്റുകൾ ഇരട്ടിയായി. 77.70% ആണ് പോളിംഗ്.
ഇസ്രഈലിലെ ഇടതുപക്ഷപാർടിയായ ഡമോക്രാറ്റ്സിന്റെ നേതാവ് യെയർഗോലാൻ പറഞ്ഞത് ഫാസിസ്റ്റ് സഖ്യം പരാജയപ്പെട്ടെന്നും അറബ് പുരോഗമനകക്ഷികൾ ഉൾപ്പെട്ട നെതന്യാഹു വിരുദ്ധ ചേരിക്ക് 65 സീറ്റുകളിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞെന്നുമാണ്.
യെയർഗോലാൻ അറബ് ഇടതുപക്ഷം കൂടി ഉൾപ്പെട്ട ഒരു കൂട്ടുകക്ഷി സർക്കാർ ഉണ്ടാകണമെന്നാണ് പറഞ്ഞത്. ആ സർക്കാർ കോർപ്പറേറ്റ് യുദ്ധവെറി അവസാനിപ്പിച്ചുകൊണ്ട് ജനക്ഷേമബദലിന് നേതൃത്വം കൊടുക്കണമെന്നുമാണ് ഗോലാൻ പ്രസ്താവിച്ചത്.
ലോകം ഹിറ്റ്ലറെ വെറുത്തതുപോലെ അകറ്റിനിർത്തണമെന്നാഗ്രഹിച്ച സയണിസ്റ്റ് ഭീകരനാണ് നെതന്യാഹു. 2023 ഒക്ടോബർ 7-നുശേഷം ഒരു ലക്ഷത്തോളം പലസ്തീനികളെയാണ് ഇസ്രഈൽ സേന വംശഹത്യക്കിരയാക്കിയത്. ഇതിനെല്ലാം നേതൃത്വം നൽകിയ രക്തദാഹിയാണ് നെതന്യാഹു.
1996 മുതൽ പലഘട്ടങ്ങളിലായി 19 വർഷം ഇസ്രഈലിന്റെ പ്രധാനമന്ത്രിപദം വഹിച്ച വംശീയവാദിയായ നെതന്യാഹുവിനെ എങ്ങനെയെങ്കിലും പുറന്തള്ളണമെന്ന് ഇസ്രഈൽ ജനത ആഗ്രഹിച്ചിരുന്നു.
ഈയൊരു വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടുകെട്ടിന് അടിസ്ഥാനമായിരുന്നത്. 2015 മുതൽ 2019 വരെ ഇസ്രയേൽ സേനയുടെ മേധാവിയായിരുന്ന ഗാദിഐസൻകോട്ട് ഒരു വർഷം മുമ്പ് രൂപീകരിച്ച യാഷർ എന്ന രാഷ്ട്രീയപാർടി നെതന്യാഹുവിന്റെ പതനത്തിന് ആവശ്യമായ രീതിയിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ ഇടപെടലുകൾ നടത്തി.
ഇസ്രഈലിലെ സാധാരണ ജനങ്ങളുടെയും ബുദ്ധിജീവികളുടെയും നെതന്യാഹുവിനെതിരായ പ്രതിഷേധത്തെ ഏകോപിപ്പിക്കാൻ പ്രതിപക്ഷപാർടികളെല്ലാം അവരുടേതായ രീതിയിൽ ശ്രദ്ധിച്ചിരുന്നു.
ഇസ്രഈൽ പൗരത്വമുള്ള പലസ്തീൻ അറബ് വോട്ടർമാർ ഈ തെരഞ്ഞെടുപ്പിൽ നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അറബ് വംശജരുടെ നേതാവായ മൻസൂർ അബ്ബാസ് നേതൃത്വം നൽകുന്ന രാഹം, യൂസഫ് ജെബരിൻ നേതൃത്വം നൽകുന്ന ജോയിന്റ് ലിസ്റ്റ് തുടങ്ങിയ അറബ് വംശജരുടെ പാർടികളുടെ പിന്തുണ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും.
ഇവിടെ എസ്.ഐ.ആർ വഴി മോഡി നടത്തിയ ശ്രമങ്ങൾക്ക് സമാനമായ രീതിയിൽ അറബ് വംശജരുടെ വോട്ടവകാശം നിഷേധിക്കാൻ നെതന്യാഹു നീക്കം നടത്തിയിരുന്നു. കോടതി ആ നിരോധനത്തെ തടയുകയായിരുന്നു.
ഇപ്പോൾ യൂസഫ് ജെബരിൻ നെതന്യാഹു അധികാരത്തിലെത്തുന്ന് തടയാൻ ഗാദി ഐസൻകോട്ടിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight:As Israel passes judgment against Netanyahu.