ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ് സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ആര്യ. അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച ആര്യ വളരെ വേഗത്തില്‍ കോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. നാന്‍ കടവുള്‍, അവന്‍ ഇവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ആര്യയിലെ നടനെ അടയാളപ്പെടുത്തുന്നവയായിരുന്നു.
ഒരിടവേളക്ക് ശേഷം ആര്യ ഭാഗമാകുന്ന പുതിയ മലയാള ചിത്രമാണ് അനന്തന്‍ കാട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്യഭാഗമാകുന്ന മലയാളസിനിമ കൂടിയാണ് അനന്തന്‍ കാട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ആര്യ Photo: Screen grab/ Pearley Maaney Show
ആര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ മദിരാസിപ്പട്ടണത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു താരം. ബ്രിട്ടണില്‍ നിന്നുള്ള എമി ജാക്‌സണനായിരുന്നു ചിത്രത്തിലെ നായിക. എമിയുടെ ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു മദിരാസിപ്പട്ടണം. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എമി ജാക്‌സണ് 18 വയസായിരുന്നെന്ന് ആര്യ പറഞ്ഞു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആ പടത്തിന്റെ സമയത്ത് എമിക്ക് പതിനാറോ പതിനേഴോ വയസേ ഉണ്ടായിരുന്നുള്ളൂ. യു.കെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുത് എന്ന് ഒരു നിയമമുണ്ട്. ഡയറക്ടര്‍ വിജയ് ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ടെന്‍ഷനടിച്ചു. അവരെങ്ങാനും എന്തെങ്കിലും പരാതി പറഞ്ഞാല്‍ എല്ലാം തീരും. അതുകൊണ്ട് എമിയെ മാക്‌സിമം കംഫര്‍ട്ടാക്കാന്‍ സെറ്റിലെ എല്ലാവരോടും ആവശ്യപ്പെട്ടു. എന്നോട് പ്രത്യേകം പറയുകയും ചെയ്തു.
മദിരാസിപ്പട്ടണം Photo: IMDb
പിരീയോഡിക്കല്‍ സിനിമയായതുകൊണ്ട് സെറ്റിനും ബാക്കി പരിപാടികള്‍ക്കും ഒരുപാട് ടൈമെടുക്കുമായിരുന്നു. ആറോ ഏഴോ ഷെഡ്യൂളായിട്ടാണ് പടം കംപ്ലീറ്റാക്കിയത്. ആദ്യത്തെ രണ്ട് ഷെഡ്യൂളിനും അമ്മയുടെ കൂടെയായിരുന്നു എമി സെറ്റിലേക്ക് വന്നത്. മൂന്നാമത്തെ ഷെഡ്യൂളായപ്പോള്‍ അവളുടെ ബോയ്ഫ്രണ്ടായിരുന്നു കമ്പനിക്ക് വന്നത്. വിജയ് എന്നോട് ഇക്കാര്യം ടെന്‍ഷനടിച്ചാണ് പറഞ്ഞത്. സ്‌ക്രിപ്‌റ്റൊക്കെ മാറ്റേണ്ടി വരുമോ എന്ന് ചോദിച്ചു,’ ആര്യ പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസിലെ ഒരു സാധാരണക്കാരനും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു മദ്രാസപ്പട്ടണം. എ.എല്‍ വിജയ് സംവിധാനം ചെയ്ത് 2010ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ജി.വി. പ്രകാശ് ഈണമിട്ട പാട്ടുകളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി.
Content Highlight: Arya shares the memories with Amy Jackson in Madrasapattinam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ