2005ല്‍ അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ആര്യ. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്യ തമിഴ് സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. നാന്‍ കടവുള്‍, രാജാ റാണി, അവന്‍ ഇവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ആര്യയിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്യ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന അനന്തന്‍ കാടിലൂടെയാണ് ആര്യയുടെ തിരിച്ചുവരവ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ശ്രദ്ധ നേടിയിരുന്നു. വലിയ താരനിരയാണ് അനന്തന്‍കാടില്‍ അണിനിരക്കുന്നത്.
ആര്യ Photo: Silly Monks Mollywood
കരിയറില്‍ തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. കഥ കേട്ട് എല്ലാം ഓക്കെയായ ശേഷം ചില പ്രൊജക്ടുകള്‍ ഡ്രോപ്പായിട്ടുണ്ടെന്നും പിന്നീട് തനിക്ക് പകരം മറ്റ് താരങ്ങള്‍ ആ സിനിമ ചെയ്തിട്ടുണ്ടെന്നും ആര്യ പറഞ്ഞു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ അത്തരത്തിലൊന്നാണെന്നും താരം പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊന്നിയിന്‍ സെല്‍വനിലേക്ക് മണി സാര്‍ കാസ്റ്റ് ചെയ്ത താരങ്ങളില്‍ ഒരാള്‍ ഞാനായിരുന്നു. വിജയ് സാര്‍, മഹേഷ് ബാബു സാര്‍, പിന്നെ ഞാന്‍ എന്നിങ്ങനെയായിരുന്നു പടത്തിന്റെ കാസ്റ്റ്. എന്നാല്‍ ഡേറ്റിന്റെ ഇഷ്യു ആണോ അതോ വേറെ എന്തെങ്കിലുമാണോ എന്നറിയില്ല. ആ പ്രൊജക്ട് ഷെല്‍വായി. കൃത്യമായ കാരണം ഇപ്പോഴും അറിയില്ല.
അന്ന് ഞങ്ങളെ വെച്ച് പ്ലാന്‍ ചെയ്ത് കഴിഞ്ഞ് ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് മണി സാര്‍ വീണ്ടും ആ പ്രൊജക്ട് മറ്റ് താരങ്ങളെ വെച്ച് ചെയ്തത്. ആദ്യത്തെ കോമ്പിനേഷന്‍ തന്നെ മൊത്തം മാറിയല്ലോ. ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചിട്ട് പിന്നീട് അത് ആലോചിച്ച് റിഗ്രറ്റ് ചെയ്യേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ല,’ ആര്യ പറയുന്നു.
തിരുവനന്തപുരം നഗരത്തിന്റെ അറിയാക്കഥകള്‍ പറയുന്ന ചിത്രമാണ് അനന്തന്‍കാട്. ആര്യക്ക് പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയരാഘവന്‍, ഇന്ദ്രന്‍സ്, നിഖില വിമല്‍, സുനില്‍ റെജിന കസാന്‍ഡ്ര, ദേവ് മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ ചിത്രം ജൂണ്‍ 25ന് തിയേറ്ററുകളിലെത്തും.
Content Highlight: Arya saying he was part of first casting in Ponniyin Selvan
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ