| Tuesday, 22nd July 2025, 3:28 pm

അച്ഛനെയും അമ്മയെയും കളിയാക്കുമായിരുന്നു, എന്നാൽ അവർ കൂടെയുണ്ട്: ആര്യ സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് ആര്യ സലിം. രതീഷ് കുമാര്‍ സംവിധാനം ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് കടന്നുവന്ന അവര്‍ പിന്നീട നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിലെ സി.കെ. ശാന്തിയെന്ന ശക്തമായ കഥാപാത്രത്തെ ആര്യ മനോഹരമാക്കി. സി.കെ. ജാനുവെന്ന സമരനേതാവിനെ കാണിച്ചുതന്നൊരു കഥാപാത്രമായിരുന്നു അത്. ഇപ്പോള്‍ സിനിമയില്‍ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ.

സിനിമയില്‍ പ്രശ്‌നങ്ങളൊക്കെ ആകുന്നതിനും മുമ്പും തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നെന്നും എന്നാല്‍ വീട്ടില്‍ നിന്നും സമ്മതിച്ചില്ലെന്നും ആര്യ പറയുന്നു.

മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നത് വീട്ടിലുള്ളവര്‍ക്ക് ഇഷ്ടമാണെങ്കിലും നാട്ടുകാര്‍ എന്തുപറയുമെന്ന പേടിയാണെന്നും എല്ലാവരും അച്ഛനേയും അമ്മയെയും കളിയാക്കാറുണ്ടായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അതൊക്കെ മാറിവരുന്നുണ്ടെന്നും അമ്മയും അച്ഛനും ഇപ്പോള്‍ തന്റെ കൂടെയുണ്ടെന്നും ആര്യ പറഞ്ഞു. സ്റ്റാര്‍ & സ്റ്റൈലില്‍ സംസാരിക്കുകയായിരുന്നു ആര്യ.

‘സിനിമാമേഖലയില്‍ പ്രശ്‌നങ്ങള്‍ വരുന്നതിനും മുമ്പ് ഒരു സിനിമാ ഒഡീഷന് അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ സമ്മതിച്ചില്ല. സിനിമയിലെത്തുന്നവര്‍ വേഗം വിവാഹമോചനത്തിലെത്തുമെന്നൊക്കെ പറഞ്ഞ് അമ്മയെ പലരും പേടിപ്പിക്കും. അമ്മ ഷീബ ടീച്ചറാണ്. അച്ഛന്‍ സലിം. അമ്മമാര്‍ക്ക് മക്കള്‍ അഭിനയിക്കുന്നതൊക്കെ ഇഷ്ടമാണെങ്കിലും നാട്ടുകാര്‍ എന്ത് പറയും എന്നോര്‍ത്തുള്ള പേടിയാണ്. ആഘോഷങ്ങള്‍ക്ക് പോകുമ്പോഴൊക്കെ ‘ഓ സിനിമാനടിയുടെ അച്ഛനും അമ്മയും വന്നല്ലോ’ എന്ന തരത്തില്‍ കളിയാക്കി സംസാരിക്കും. ഇപ്പോള്‍ അതൊക്കെ മാറിവരുന്നുണ്ട്.

ആദ്യമൊക്കെ എന്റെ പെയിന്റിങ്ങുകള്‍ കാണുമ്പോഴും നീ എന്താണ് വരച്ചുവെച്ചിരിക്കുന്നതെന്ന് അമ്മ ചോദിക്കുമായിരുന്നു. പിന്നീട് മറ്റുള്ളവര്‍ക്ക് ആ പെയിന്റിങ്ങിനെപ്പറ്റി വിശദീകരിക്കുന്ന അമ്മയെയാണ് ഞാന്‍ കണ്ടത്. അമ്മയും അച്ഛനും എന്റെ യാത്രയില്‍ കൂടെയുണ്ട്. എന്റെത് പ്രണയ വിവാഹമായിരുന്നു. കോളേജില്‍ എന്റെ സൂപ്പര്‍സീനിയറായിരുന്നു പ്രജീഷ്. അദ്ദേഹം ചിത്രകലാ അധ്യാപകനാണ്,’ ആര്യ സലിം പറയുന്നു.

Content Highlight: Arya Salim Talking about her Film Career

We use cookies to give you the best possible experience. Learn more