| Monday, 17th November 2025, 1:27 pm

ഈ കരുതലും ആശങ്കയും സ്വന്തം സഹപ്രവർത്തകരോട് ഉണ്ടായിരുന്നെങ്കിൽ അവരൊക്കെ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു: വി.വി രാജേഷിന് ആര്യാ രാജേന്ദ്രന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ കാര്യത്തിൽ ബി.ജെ.പിക്കാർ കാണിക്കുന്ന കരുതലും ആശങ്കയും സ്വന്തം സഹപ്രവർത്തകരോട് ഉണ്ടായിരുന്നെങ്കിൽ ഇന്ന് അവരുടെ പല നേതാക്കളും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മേയർ ആര്യാ രാജേന്ദ്രൻ.

ന്യൂസ് മലയാളം 24x 7 ന്റെ ചാനൽ ചർച്ചക്കിടെ ബി.ജെ.പി നേതാവ് വി.വി രാജേഷിന് മറുപടി നൽകുകയായിരുന്നു ആര്യാ രാജേന്ദ്രൻ.

തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് തിരുവനന്തപുരത്തെ ബി.ജെ.പിക്കാർ കാണിച്ച ആശങ്കയിൽ നാലിലൊന്ന് സ്വന്തം പാർട്ടിയിലെ നേതാക്കളോട് കാണിച്ചിരുന്നെങ്കിൽ അവരിൽ പലരും ഇന്ന് ജീവനോടെ ഉണ്ടായേനെയെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു.

ബി.ജെ.പിയിലെ സംഘടനാ പ്രശ്നങ്ങൾ കാരണം തൃക്കണ്ണാപുരത്തെ ബി.ജെ.പി പ്രവർത്തകനായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ആര്യ രാജേന്ദ്രന്റെ മറുപടി.

തിരുമല അനിലിന്റെ മരണം പോലെയാണ് ആനന്ദ്. കെ. തമ്പിയുടെ മരണമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.

സ്വന്തം പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകരുടെ വികാരം മനസിലാക്കി പെരുമാറിയിരുന്നെങ്കിൽ ഇങ്ങനെ ഒരു മനുഷ്യനെ കൂടി ബലി കൊടുക്കേണ്ടി വരില്ലായിരുന്നെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

തിരുമല ബി.ജെ.പി കൗൺസിലറായിരുന്ന അന്നൂർ സ്വദേശി കെ. അനിൽ കുമാറിനെ സെപ്തംബർ 20 നായിരുന്നു ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ആഗസ്റ്റിൽ അത്രയും നാൾ തന്നെ രാഷ്ട്രീയ പരമായി വിമർശിക്കാനും തർക്കിക്കാനും മുന്നിൽ നിന്ന മനുഷ്യൻ തന്റെ മുന്നിൽ വന്ന് പൊട്ടിക്കരഞ്ഞെന്നും അദ്ദേഹം കൈകാര്യം ചെയ്യുന്ന ബി.ജെ.പി ഭരണ സമിതിയുടെ സഹകരണ ബാങ്കിലെ ഇടപാടുകളിൽ പെട്ട് പോയെന്ന് തന്നോട് പറഞ്ഞിരുന്നെന്നും മേയർ പറഞ്ഞു.

അദ്ദേഹത്തിന് താൻ ധൈര്യം പകർന്നു നൽകിയെന്നും ബാങ്കിന്റെ കാര്യങ്ങളിൽ തളർന്നു പോവരുതെന്നും എതിർ രാഷ്ട്രീയ പാർട്ടി എന്ന ലേബൽ വെച്ച് ഒരിക്കലും താങ്കളെ ഞങ്ങൾ ഇക്കാര്യത്തിൽ വേട്ടയാടില്ലെന്നും സാധ്യമായ എല്ലാ പരിഹാരങ്ങളും കണ്ടെത്തി തരുമെന്നും മേയർ അനിലിനോട് പറഞ്ഞിരുന്നു.

അനിലിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്നും ഭൗതിക ശരീരം കാണാൻ താൻ വീട്ടിൽ പോയിരുന്നെന്നും ആര്യ പറഞ്ഞു. അവിടെ ബി.ജെ.പി നേതാക്കളും എത്തിയിരുന്നെന്നും അവർക്കൊക്കെ അവിടെ നില്ക്കാൻ പോലും ബുദ്ധിമുട്ടായെന്ന് തനിക്ക് തോന്നിയതെന്നും ആര്യ പറഞ്ഞു.

വളരെ ചെറുപ്പം മുതൽ സഹജീവിയായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു വ്യക്തിയുടെ മരണത്തിൽ പോലും കൂടെ നില്ക്കാൻ കഴിയുന്നില്ലായെങ്കിൽ എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ ഉയർത്തിപിടിക്കുന്നതെന്നും അവർ ചോദിച്ചു.

ഇതിനൊടൊന്നും പ്രതികരിക്കാതെയാണ് വി.വി രാജേഷ് ചാനൽ ചർച്ചയിൽ തുടർന്നത്.

Content Highlight: Arya Rajendran was responding to BJP leader VV Rajesh during a channel discussion on News Malayalam 24×7

We use cookies to give you the best possible experience. Learn more