| Saturday, 19th September 2026, 9:52 am

25 കോടിക്ക് ചെയ്തുതീര്‍ക്കാന്‍ ഉദ്ദേശിച്ച പടം 75 കോടിയായി, ആദ്യം റോളില്ലെന്ന് പറഞ്ഞിട്ട് പിന്നീട് എന്നെ അതിലേക്ക് വിളിച്ചു: ആര്യ

അമര്‍നാഥ് എം.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന് തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് ആര്യ. അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച താരം നടനായും താരമായും തിളങ്ങിയിട്ടുണ്ട്. നാന്‍ കടവുളിലൂടെ ഗംഭീര പെര്‍ഫോമറാണെന്ന് തെളിയിച്ച ആര്യ റോം കോം ചിത്രങ്ങളിലൂടെയാണ് കോളിവുഡിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചത്.

സമീപകാലത്ത് ആര്യയിലെ നടനെ ഒരുപാട് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. 1980കളില്‍ മദ്രാസിലെ ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് താരം നല്‍കിയ മറുപടി വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

സര്‍പ്പാട്ട 2ന് മുമ്പ് പാ. രഞ്ജിത് വെട്ടുവം എന്ന ചിത്രം ചെയ്യുകയാണെന്നും അതിലേക്ക് താന്‍ എത്തിയ കഥ വളരെ തമാശയാണെന്നും ആര്യ പറഞ്ഞു. വെട്ടുവം എന്ന ചിത്രത്തില്‍ ആദ്യം തനിക്ക് വേഷമില്ലായിരുന്നെന്നും കഥ കേള്‍ക്കാതെയാണ് ആ ചിത്രം ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. വെട്ടുവം പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘സര്‍പ്പാട്ട 2 എപ്പോള്‍ ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ ‘അതിന് മുമ്പ് ഒരു ചെറിയ പടം ചെയ്യാനുണ്ട്. അത് തീര്‍ത്തിട്ട് നമുക്ക് സര്‍പ്പാട്ട 2 ചെയ്യാം’ എന്നായിരുന്നു രഞ്ജിത് പറഞ്ഞത്. ആ സിനിമയാണ് വെട്ടുവം. 25 കോടിക്ക് ചെയ്യാന്‍ തീരുമാനിച്ച ചെറിയ സിനിമ ഇപ്പോള്‍ 75 കോടിയിലധികം ചെലവായിരിക്കുകയാണ്. 60 ദിവസത്തെ ഷൂട്ടേ ഉണ്ടാകുള്ളൂ എന്നായിരുന്നു രഞ്ജിത് ആദ്യം പറഞ്ഞത്.

എനിക്ക് ആ പടത്തില്‍ വല്ല വേഷവും ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ദിവസം എന്നെ വിളിച്ചിട്ട്, ‘വെട്ടുവത്തില്‍ ഒരു ചെറിയ റോളുണ്ട്, ചെയ്യുന്നോ’ എന്ന് ചോദിച്ചു. കഥ എന്താണെന്നും എന്റെ ക്യാരക്ടര്‍ എന്താണെന്നും ചോദിച്ചപ്പോള്‍ ‘വന്ന് ചെയ്തിട്ട് പൊയ്‌ക്കോ, കഥയൊക്കെ അപ്പോള്‍ പറയാം’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. ഈ പടത്തിലെ ധര്‍മരാജനായി എന്നെ സെലക്ട് ചെയ്തത് അതുകൊണ്ടാണ്.

തങ്കലാന് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെട്ടുവം. മൂന്ന് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ഡ്രാമയാണ് വെട്ടുവം. അപ്പോകാലിപ്‌സ്, സൈ-ഫൈ, ആക്ഷന്‍ ഴോണറുകളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഗെത്ത് ദിനേശ്, ശോഭിത ധൂലിപാല, കലൈയരസന്‍, ഷബീര്‍ കല്ലറക്കല്‍ എന്നിവര്‍ ചിത്രത്തിനായി നടത്തിയ ഡെഡിക്കേഷന്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Arya explains how he became a part of Vettuvam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more