| Wednesday, 29th January 2025, 8:18 pm

യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന പരാമര്‍ശം; കെജ്‌രിവാളിന് സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഹരിയാന കോടതിയാണ് കെജ്‌രിവാളിന് സമന്‍സ് അയച്ചത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന കെജ്‌രിവാളിന്റെ പരാമര്‍ശത്തിലാണ് കോടതി നടപടി.

ഫെബ്രുവരി 17ന് കെജ്‌രിവാള്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. നേരത്തെ അയല്‍ സംസ്ഥാനമായ ഹരിയാന യമുന നദിയില്‍ വിഷം കലര്‍ത്തുകയാണെന്ന ആരോപണം തെളിയിക്കാന്‍ വസ്തുതാപരമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ഹരിയാന കോടതിയും കെജ്‌രിവാളിനെതിരെ നടപടിയെടുത്തത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കെജ്‌രിവാളിന് സമന്‍സ് ലഭിച്ചിരിക്കുന്നത്.

ഹരിയാനയില്‍ അധികാരത്തിലുള്ള ബി.ജെ.പി ആ സംസ്ഥാനത്തിലൂടെയും ദല്‍ഹിയിലൂടെയും ഒഴുകുന്ന യമുന നദിയില്‍ വിഷ പദാര്‍ത്ഥം ചേര്‍ത്തുവെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെട്ടത്.

‘ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കുടിവെള്ളം ലഭിക്കുന്നു. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ യമുനയില്‍ നിന്ന് ദല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ഇങ്ങോട്ട് അയച്ചു. ഈ വെള്ളം നിര്‍ത്തിയതായി ബോര്‍ഡ് എഞ്ചിനീയര്‍മാര്‍ പറഞ്ഞു. ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ വിഷം കലര്‍ന്ന വെള്ളം തടഞ്ഞു.

വിഷജലം നഗരത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല, ഞങ്ങള്‍ യുദ്ധങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇന്ന് ദല്‍ഹിയിലെ ജലവിതരണത്തില്‍ വിഷം കലര്‍ത്തി ബി.ജെ.പി ചെയ്തത് എന്താണ്. ദല്‍ഹിയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അത്. ഇതുവഴി എ.എ.പിയുടെ മേല്‍ ആക്ഷേപം പതിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു,’ കെജ്‌രിവാളിന്റെ ആരോപണം.

യമുനയിലെ ഉയര്‍ന്ന അമോണിയ ദല്‍ഹിയിലെ ജലവിതരണത്തെ തടസപ്പെടുത്തുന്നുവെന്ന് എ.എ.പിയും ആരോപിച്ചിരുന്നു.

അതേസമയം ഹരിയാനയില്‍ നിന്ന് ദല്‍ഹിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് വര്‍ധിച്ചെന്ന ആരോപണത്തില്‍ ജനുവരി 28നകം വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിയാന സര്‍ക്കാരിനോട് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Content Highlight: Arvind Kejriwal summoned by Haryana court over ‘Yamuna water poisoned’ claim

We use cookies to give you the best possible experience. Learn more