| Wednesday, 10th September 2025, 2:35 pm

ട്രംപിനെ സന്തോഷിപ്പിക്കാന്‍ കര്‍ഷകരെ വെല്ലുവിളിക്കുന്നു, ഈ കീഴടങ്ങല്‍ ഇന്ത്യയ്ക്ക് അപമാനം; മോദിക്കെതിരെ കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാപാരനയം സംബന്ധിച്ചുള്ള മോദി – ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ട്രംപിന് മുമ്പിലുള്ള ഈ കീഴടങ്ങല്‍ മൊത്തം ഇന്ത്യയ്ക്ക് അപമാനമാണെന്നായിരുന്നു കെജ് രിവാളിന്റെ വിമര്‍ശനം.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കെജ്‌രിവാള്‍ മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘എന്ത് തരത്തിലുള്ള ചര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത് ? ഏകപക്ഷീയമായ ചര്‍ച്ചകള്‍ മാത്രമാണോ?

നമ്മുടെ കര്‍ഷകരെയും വ്യാപാരികളെയും യുവാക്കളുടെ തൊഴിലിനെയും ഒന്നടങ്കം വെല്ലുവിളിച്ച് ഇന്ത്യന്‍ വിപണി പൂര്‍ണമായും അമേരിക്കയ്ക്ക് മുമ്പില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. മുഴവന്‍ ഇന്ത്യന്‍ വിപണിയും അമേരിക്കക്കാരുടെ നിയന്ത്രണത്തിലായാല്‍ നമ്മുടെ ആളുകള്‍ എവിടേയ്ക്ക് പോകും?

ഇത്തരത്തില്‍ ട്രംപിന് മുമ്പിലുള്ള കീഴടങ്ങല്‍ കേവലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അപമാനമാണ്,’ കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും 50 ശതമാനം താരിഫില്‍ മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പരസ്പരം വോട്ട് അഭ്യര്‍ത്ഥിച്ചു എന്നത് മാത്രമാണ് മോദിയും ട്രംപും തമ്മിലുള്ള സൗഹൃദത്തിന് കാരണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചെലവിലാണ് മോദിക്ര് ട്രംപുമായി സൗഹൃദമുണ്ടായതെന്നും അതിന് ഇന്ത്യയെ തന്നെ വിലകൊടുക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

കല്‍ബുറഗിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രംപിനും മോദിക്കും സുഹൃത്തുക്കളാകാം, പക്ഷെ മോദി രാജ്യത്തിന്റെ ശത്രുവായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ അവസ്ഥയെ തന്നെ നശിപ്പിച്ചു’, ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് വമ്പന്‍ തീരുവ ചുമത്തിയെന്നും 50 ശതമാനം തീരുവ ചുമത്തി നമ്മുടെ ജനങ്ങളെയാണ് തകര്‍ത്തുകളഞ്ഞതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ദശാബ്ദങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയം ആരോടും ചായ്‌വില്ലാത്ത ചേരി-ചേരാ നയമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കണം. അത് അങ്ങനെ തന്നെ തുടരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. രാഷ്ട്രമാണ് പ്രധാനം, സൗഹൃദം രണ്ടാമതായാണ് പരിഗണിക്കേണ്ടത്. പ്രധാനമന്ത്രി സ്വന്തം ആശയങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

Content highlight: Arvind Kejriwal slams Narendra Modi

We use cookies to give you the best possible experience. Learn more