| Wednesday, 3rd June 2026, 4:48 pm

കടുത്ത സാഹചര്യങ്ങള്‍ മുമ്പുമുണ്ടായിരുന്നു; പക്ഷേ കേന്ദ്രം കരുതല്‍ സ്വര്‍ണം വില്‍ക്കുന്നത് ഇതാദ്യം: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരത്തില്‍ നിന്നുള്ള കുറച്ച് സ്വര്‍ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വിറ്റതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. വിദേശ വിനിമയ ആസ്തികള്‍ക്ക് പിന്തുണയേകാനായി കരുതല്‍ സ്വര്‍ണ ശേഖരത്തിലെ കുറച്ച് ഭാഗങ്ങള്‍ ആര്‍.ബി.ഐ വിറ്റതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

സ്വര്‍ണ വില്‍പന സംബന്ധിച്ച വാര്‍ത്തകളില്‍ സര്‍ക്കാര്‍ ഒന്നും പറയാത്തതെന്തെന്ന് എക്‌സ് പോസ്റ്റില്‍ കെജ്‌രിവാള്‍ ആരാഞ്ഞു. കഴിഞ്ഞ 76 വര്‍ഷത്തിനിടെ രാജ്യം പ്രതിസന്ധികളെ നേരിട്ട നിരവധി സാഹചര്യങ്ങളുണ്ടായിട്ടും ആരും കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സ്വര്‍ണം വില്‍ക്കാനുള്ള നീക്കം സൂചിപ്പിക്കുന്നത് രാജ്യത്തെ സാഹചര്യം മോശമാണെന്നാണെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ‘ഈ വാര്‍ത്ത എന്താ സത്യമാണോ? എന്താണ് രാജ്യത്തെ സ്വര്‍ണം വില്‍ക്കാന്‍ പോവുകയാണോ?’ കെജ്‌രിവാള്‍ ചോദിച്ചു.

‘കഴിഞ്ഞ 76 വര്‍ഷം രാജ്യം മോശം അവസ്ഥകളിലൂടെ കടന്ന് പോയ നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും രാജ്യത്തെ സ്വര്‍ണം വില്‍ക്കാന്‍ ആരും പോയിരുന്നില്ല,’ കെജ്‌രിവാള്‍ കുറിച്ചു. ‘സര്‍ക്കാര്‍ ഒന്നും പറയാത്തതെന്താണ്? രാജ്യത്തെ സാഹചര്യങ്ങള്‍ എന്താണ്?’

‘മോദി ജി പറയുക ഇവിടെ നിന്ന് കെട്ടുംകെട്ടി താന്‍ പോകും എന്നാണ്. പക്ഷേ നമുക്ക് ഇവിടെ ജീവിക്കണം. ഈ രാജ്യത്ത് നമുക്ക് ജീവിക്കേണ്ടതുണ്ട്,’ കെജ്‌രിവാള്‍ കുറിച്ചു.

12 ബില്യണ്‍ ഡോളറോളം മൂല്യം വരുന്ന കരുതല്‍ സ്വര്‍ണം ആര്‍.ബി.ഐ വിറ്റിരിക്കാമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെയാണ് ഈ വില്‍പനയെന്നും ഇത് വഴി 7.5 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ആസ്തി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാദം തെറ്റാണെന്ന് പ്രെസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കരുതല്‍ സ്വര്‍ണ നിരക്കില്‍ വര്‍ധനവുണ്ടായതായുള്ള ആര്‍.ബി.ഐ കണക്കുകളും പി.ഐ.ബി പങ്കുവച്ചിരുന്നു. 2025 സെപ്റ്റംബറിലെ 13.92 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം മാര്‍ച്ച് 31നവ് 16.7 ശതമാനമായും മേയ് 22ന് 16.85 ശതമാനമായും വിദേശ വിനിമയ കരുതല്‍ സ്വര്‍ണ ശേഖരം ഉയര്‍ച്ച രേഖപ്പെടുത്തിയതായി ആര്‍.ബി.ഐ കണക്കുകളില്‍ പറയുന്നു.

ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ട്. യു.എസ് – ഇറാന്‍ യുദ്ധമടക്കമുള്ള ആഗോള സാഹചര്യങ്ങളും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് രാജ്യത്തെ കരുതല്‍ സ്വര്‍ണ ശേഖരം ആര്‍.ബി.ഐ വിറ്റഴിച്ചതായി വാര്‍ത്ത വന്നത്.

Content Highlight: Arvind Kejriwal questions Center over reports on gold reserves

We use cookies to give you the best possible experience. Learn more