| Sunday, 13th September 2026, 9:17 am

ഞാൻ അഭിനയം നിർത്തിയാൽ ഇവിടെയൊന്നും സംഭവിക്കാൻ പോകുന്നില്ല: പാർവതി തിരുവോത്ത്

നന്ദന. ടി

വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ പാർവതി, മലയാളത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിൽ എത്തിയിരിക്കുകയാണ്. അലീന അബ്രഹാം എന്ന കഥാപാത്രമായുള്ള ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം പാർവതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

താൻ അഭിനയജീവിതം അവസാനിപ്പിച്ചാലും മലയാള സിനിമയ്ക്ക് യാതൊരു നഷ്ടവും സംഭവിക്കാനില്ലെന്ന് പറയുകയാണ് പാർവതി. അഭിനയിക്കുന്ന സിനിമകളിലെല്ലാം തന്നെ തന്റെ 100 ശതമാനം അധ്വാനവും നൽകുന്നത് കൊണ്ട് സിനിമ നിർത്തേണ്ടി വന്നാലും അതിനെ സന്തോഷകരമായ ഒരു പടിയിറക്കമായി മാത്രമേ സ്വയം കണക്കാക്കൂ എന്നും പാർവതി തുറന്നുപറഞ്ഞു.

ജീവിതകാലം മുഴുവൻ അഭിനയിക്കണം എന്ന തരത്തിലുള്ള യാതൊരു ബാധ്യതയും തനിക്കോ പ്രേക്ഷകർക്കോ ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.

‘പാർവതി എന്ന നടി അഭിനയം നിർത്തിയത് കൊണ്ട് സിനിമാ ഇൻഡസ്ട്രിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചാൽ വ്യക്തിപരമായി എനിക്ക് തോന്നുക അതൊരു ഹാപ്പി എക്സിറ്റ് ആയിട്ടായിരിക്കും. കാരണം ഞാൻ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമകളിലും തന്നെ എന്റെ 100 ശതമാനം നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

പിന്നെ എന്റെ ജീവിതകാലം മുഴുവൻ അഭിനയിച്ചുകൊണ്ടിരിക്കണമെന്ന് ഞാൻ ബാധ്യസ്ഥയല്ല. പ്രേക്ഷകരും എന്നിൽ നിന്ന് അത്തരമൊരു ബാധ്യത പ്രതീക്ഷിക്കുന്നില്ല,’ നടി പറഞ്ഞു.

താൻ അഭിനയം നിർത്തിയാൽ സിനിമയ്ക്ക് അത് നികത്താൻ പറ്റാത്ത നഷ്ടമായിരിക്കുമെന്ന തെറ്റിദ്ധാരണയൊന്നും ഇല്ലെന്നും പാർവതി വ്യക്തമാക്കി. യാതൊരു ബാധ്യതകളുമില്ലാത്ത ഒരു ബന്ധമാണ് സിനിമയുമായി നിലനിർത്തുന്നതെന്നും പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്. Photo. Screen grab/ Youtube

‘ഞാൻ ഇല്ലെങ്കിലും സിനിമ തുടരും. ഞാൻ സിനിമ നിർത്തിയാൽ സിനിമാ ലോകത്തിന് അത് നികത്താൻ പറ്റാത്ത ഒരു നഷ്ടമായിരിക്കുമെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. അതുകൊണ്ട് തന്നെ അത്തരം ബാധ്യതകളൊന്നുമില്ലാത്ത ഒരു കമ്മിറ്റ്മെന്റാണ് എനിക്ക് സിനിമയോടുള്ളത്. അതിനെ കമ്മിറ്റ്മെന്റ് എന്നതിനേക്കാൾ എനിക്ക് സിനിമയോട് ഒരു റിലേഷൻഷിപ്പ് ആണുള്ളത്. അതുകൊണ്ട് തന്നെ സിനിമയെ ഞാൻ ആത്മാർഥമായാണ് സമീപിക്കാറുള്ളതും,’ പാർവതി പറഞ്ഞു.

Content Highlight: Parvathy Thiruvoth talks about her career journey

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more