| Saturday, 25th February 2012, 12:37 pm

നിയമന വിവാദം: അരുണ്‍കുമാര്‍ നിയമസഭാസമിതിയ്ക്ക് കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമന വിവാദത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് കത്ത് നല്‍കി. ഇന്ന് രാവിലെയാണ് കത്ത് നല്‍കിയത്.

പലരും തനിക്കെതിരെ മൊഴി നല്‍കിയെന്നു മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിശദീകരണത്തിന് അവസരം നല്‍കണം എന്ന് ആവശ്യപ്പെടുന്നത്. വിവിധ വ്യക്തികള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് തനിക്കു ലഭ്യമാക്കണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.

കത്തിന്റെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിന് വിശദീകരണത്തിന് അവസരം നല്‍കുമോ എന്ന് വ്യക്തമായിട്ടില്ല. വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി മാര്‍ച്ച് എട്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിന് മുന്‍പായി മാര്‍ച്ച് രണ്ടിന് ഒരു സിറ്റിംഗ് കൂടി സമിതി നടത്തുന്നുണ്ട്.

ഐ.സി.ടി അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി അഡീഷനല്‍ ഡയറക്ടറായും അരുണ്‍കുമാറിനെ നിയമിച്ചതു മതിയായ യോഗ്യതയില്ലാതെ വഴിവിട്ടാണെന്ന ആരോപണമാണ് നിയമസഭാ സമിതി അന്വേഷിക്കുന്നത്. ആയിരത്തിലേറെ പേജുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിനു നിയമസഭയില്‍ വയ്ക്കാനാണു സമിതി തീരുമാനിച്ചിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തുന്ന സമിതി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മന്ത്രി എം.എ. ബേബി, വി.എ.അരുണ്‍കുമാര്‍, ഐടി വകുപ്പിന്റെ മുന്‍ സെക്രട്ടറിമാരായ ടി. ബാലകൃഷ്ണന്‍, ശ്രീനിവാസന്‍, കെ. സുരേഷ്‌കുമാര്‍, അജയകുമാര്‍, മുന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇപ്പോഴത്തെ സെക്രട്ടറി കെ.എം. ഏബ്രഹാം, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സയ്യിദ് അന്‍വര്‍ അലി, ഐഎച്ച്ആര്‍ഡി മുന്‍ ഡയറക്ടര്‍ ഡോ.വി. സുബ്രഹ്മണി തുടങ്ങിയവരില്‍ നിന്നു തെളിവെടുത്തിരുന്നു.

അരുണ്‍കുമാറിന്റെ നിയമനത്തിലും വഴിവിട്ടു നല്‍കിയ പ്രമോഷനിലും വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലാണു സമിതിയുടെ കണ്ടെത്തലുകള്‍ എന്നാണു സൂചന. പിറവം തിരഞ്ഞെടുപ്പിനു മുമ്പ് ഇതു പുറത്തായാല്‍ പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയാകും എന്നതിനാല്‍  സമയം ദീര്‍ഘിപ്പിക്കാന്‍ ശ്രമം നടന്നതായി ആരോപണമുണ്ട്. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം ഇനിയും ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് അധ്യക്ഷനും മറ്റുള്ളവരും ഉറച്ച നിലപാടെടുക്കുകയായിരുന്നു.

വി.ഡി. സതീശന്‍ ചെയര്‍മാനായ സംയുക്ത നിയമസഭാ സമിതിയില്‍ ഭരണപക്ഷത്തു നിന്ന് കെ.ശിവദാസന്‍ നായര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.വി. ശ്രേയാംസ് കുമാര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും, പ്രതിപക്ഷത്തു നിന്ന് പി.കെ. ഗുരുദാസന്‍, എസ്. ശര്‍മ, സി.കെ. നാണു, മുല്ലക്കര രത്‌നാകരന്‍ എന്നിവരും അംഗങ്ങളാണ്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more