ആലപ്പുഴ: വനിതാ സംവരണ സീറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ അരുണിമ എം. കുറിപ്പിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് അരുണിമ.
സൂക്ഷ്മപരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
അരുണിമയുടെ വോട്ടര്‍ ഐഡി ഉള്‍പ്പടെയുള്ള രേഖകളില്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വനിതാ സംവരണ സീറ്റില്‍ മത്സരിക്കുന്നതിന് അരുണിമയ്ക്ക് മറ്റു തടസങ്ങളില്ല.
കഴിഞ്ഞ ദിവസം വനിതാ സംവരണ സീറ്റില്‍ ട്രാന്‍സ് വുമണിനെ മത്സരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ അരുണിമയുടെ നിയമപരമായ രേഖകളെ ആര്‍ക്കും എതിര്‍ക്കാനായില്ല. ഇതേ തുടര്‍ന്നാണ് അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടത്.
‘പ്രിയമുള്ളവരെ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷന്‍ നോമിനേഷന്‍ സൂക്ഷ്മപരിശോധനയില്‍ അംഗീകരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു,’ നാമനിര്‍ദേശ പത്രിക അംഗീകരിച്ച വിവരം അരുണിമ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇന്നലെ (വെള്ളി) ആലപ്പുഴ കളക്ടറേറ്റിലെത്തി അരുണിമ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ശേഷം വയലാര്‍ ഡിവിഷനില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തനിക്ക് യാതൊരുവിധ നിയമ തടസങ്ങളുമില്ലെന്ന് അരുണിമ പ്രതികരിച്ചിരുന്നു.
നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയായ അരുണിമ കെ.എസ്.യു ജനറല്‍ സെക്രട്ടറി കൂടിയാണ്.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ട്രാന്‍സ് വുമണായ അമേയ പ്രസാദിന്റെ സ്ഥാനാര്‍ത്ഥിത്വം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി, അമേയയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കണോ എന്ന് റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നാണ് നിര്‍ദേശിച്ചിരുന്നത്.
വനിതാ സംവരണ സീറ്റിലേക്കാണ് അമേയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ അമേയ ട്രാന്‍സ്ജെന്‍ഡര്‍ എന്നാണ് ഉള്ളത്. ഇതാണ് അനിശ്ചിതത്വത്തിന് കാരണമായത്.
Content Highlight: Arunima can contest; Nomination papers accepted for women’s reserved seat